തൊടിയൂർ: വെളുത്തമണൽ - കാരൂർക്കടവ് റോഡിൽ കാരൂർക്കടവിന് പടിഞ്ഞാറ് ഭാഗത്ത് റോഡ് തകർന്നതും ഓടയ്ക്ക് മീതേ സ്ലാബില്ലാത്തതും അപകടക്കെണിയാകുന്നു. കാരൂർക്കടവ് കശുഅണ്ടി ഫാക്ടറിക്ക് മുന്നിലാണ് റോഡ് തകർന്നത്. തകർന്ന ഭാഗത്ത് പൊതുമരാമത്ത് അധികൃതർ നാട വലിച്ചുകെട്ടിയിട്ടുണ്ട്. ബാക്കി ഭാഗത്തുകൂടി ഒരു വാഹനമേ കടന്നു പോകൂ.
അപായസൂചനയായി ഒരു വീപ്പയും റോഡിന്റെ വശത്ത് വച്ചിട്ടുണ്ട്. റോഡരികിലെ ഓടയ്ക്ക് മുകളിലെ ഒരു സ്ലാബ് ഇളക്കി മാറ്റിയിരിക്കുകയാണ്. ഇതിന്മേലാണ് വീപ്പ വച്ചിരിക്കുന്നത്. ചെറിയ അശ്രദ്ധ പോലും ഇവിടെ അപകടത്തിന് കാരണമാകും. ഉടൻതന്നെ റോഡ് നന്നാക്കി സുഗമമായ ഗതാഗതം സാദ്ധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.