road
കടപുഴ കാരാളിമുക്ക് റോഡിൽ കാക്ക തോപ്പിലെ മെറ്റിൽ ഇളകി കിടക്കുന്ന റോഡും സമീപത്തെ പായൽ വളർന്ന് കിടക്കുന്ന തോടും .

പടിഞ്ഞാറേകല്ലട: കടപുഴ കാരാളിമുക്ക് റോഡിൽ കടപ്പാക്കുഴി കാക്കത്തോപ്പ് ജംഗ്ഷന് സമീപം അംബേദ്കർ ജയന്തി കോളനിക്ക് മുന്നിലെ റോഡും തോടും ശോച്യാവസ്ഥയിലായിട്ട് നാളേറെയായി. കിഫ്ബി പദ്ധതി പ്രകാരം റോഡിന്റെ നവീകരണം ആരംഭിച്ചിട്ട് വർഷങ്ങളാകുന്നു. ചവറ അടൂർ സംസ്ഥാന പാതയെയും കൊല്ലം-തേനി ദേശീയപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ ഒരുപ്രധാന റോഡ് കൂടിയാണിത്. കാക്ക തോപ്പ് ഭാഗത്ത് റോഡിനോട് ചേർന്ന് പായൽ വളർന്ന് മലിനജലം കെട്ടിക്കിടക്കുന്ന തോടിന്റെ കുറച്ച് ഭാഗം മണ്ണിട്ട് നികത്താൻ തുടങ്ങിയത് നാട്ടുകാർ തടഞ്ഞിരുന്നു. മലിന ജലം ഒഴുക്കി വിടുന്നതിനായി റോഡിന് കുറുകെ കലുങ്ക് നിർമ്മിച്ചിട്ട് മാസങ്ങൾ ഏറെയാകുന്നു. റോഡിന്റെ വശങ്ങളിൽ പാർശ്വഭിത്തി കെട്ടുവാനോ മലിനജലം ഒഴുക്കി വിടുവാനായി ഓട നിർമ്മിക്കുവാനോ നടപടിയില്ല.

പ്രതികരണം

വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ കഷണങ്ങൾ തെറിച്ച് വീണ് വീടുകളുടെ ജനൽ ഗ്ലാസുകൾ പൊട്ടുന്നത് പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണം.

സുജാത വീട്ടമ്മ കണ്ടെത്തിലഴികത്ത് വീട്, കാക്ക തോപ്പ് .

റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം, അതോടൊപ്പം തോട്ടിലെ മലിനജലത്തിന്റെ ദുർഗന്ധവും കൊതുകു ശല്യവും ദിനം പ്രതി വർധിച്ചുവരികയാണ്. അടിയന്തര നടപടി ഉണ്ടാകണം.

പ്രകാശ് . ശ്രാവണം പലചരക്കു വ്യാപാരി ..കാക്ക തോപ്പ് ,