കൊല്ലം: കൊവിഡിൽ നിന്ന് സാവധാനമെങ്കിലും സംസ്ഥാനം കരകയറുന്നതിനിടെ അവശ്യവസ്തുക്കൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും സാധന സാമഗ്രികൾക്ക് വില ക്രമാതീതമായി ഉയർന്നിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ല. ഓണത്തിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെ നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടാത്ത പക്ഷം കൊവിഡനന്തര കേരളത്തിൽ ജനജീവിതം കൂടുതൽ ക്ളേശകരമാകും.
ഇന്ധനവില മറയാക്കി
പെട്രോളിന്റേയും ഡീസലിന്റെയും വിലവർദ്ധന മുതലെടുത്ത് അരി, പലവ്യജ്ഞനങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യഎണ്ണ, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്‌ക്ക് തോന്നുന്ന വിലയാണ് പലയിടത്തും ഈടാക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ സീസണിൽ അമിത വിലയും കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ സംസ്ഥാന പൊലീസ് വിജിലൻസ് വിഭാഗം ജില്ലകൾ തോറും വിപണികളിൽ പരിശോധന നടത്തുകയും കൊള്ളക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ പൊലീസ് മേധാവി അനിൽകാന്തായിരുന്നു അന്ന് വിജിലൻസ് ഡയറക്ടർ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിപണികളിൽ സാധനങ്ങൾക്ക് നിത്യേന വിലകയറിയിട്ടും പരിശോധനയ്ക്ക് യാതൊരു സംവിധാനവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് വിപണികളിൽ വിജിലൻസ് നടത്തിവന്ന പരിശോധന നിലച്ചത്.
ഡീസൽ വിലവർദ്ധനയുടെ പേരിൽ ലോറി വാടകയിലുണ്ടായ നേരിയ വ്യത്യാസം മുതലെടുത്താണ് ഓരോ കിലോഗ്രാം സാധനങ്ങളുടെയും പുറത്ത് ഒരു രൂപമുതൽ 20 രൂപവരെ ചില വ്യാപാരികൾ ഈടാക്കുന്നത്. അരിയുടെ വിലയിൽ കഴിഞ്ഞ കുറേനാളുകളായി വലിയ വ്യത്യാസമില്ലെങ്കിലും ഗ്രാമീണമേഖലകളിലെ ചില കച്ചവടക്കാർ ഒന്നര മുതൽ രണ്ട് രൂപാ വരെ അധികംവാങ്ങുന്നുണ്ട്. പഞ്ചസാരയ്ക്ക് കിലോക്ക് അഞ്ചും മുളക്, മല്ലി എന്നിവയ്ക്ക് 10 മുതൽ 15 വരെയും കൂടുതലാണ് അധികം വാങ്ങുന്നത്. പച്ചരി, മൈദ, റവ, ഗോതമ്പ് പൊടി, ജീരകം, ശർക്കര, പയർ, കടല, ഉഴുന്ന്, തുവര, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള എണ്ണകൾ എന്നിവയ്ക്കും ലോക്ക് ഡൗൺ കാലത്തേക്കാൾ കൂടിയ വിലയാണ് ചില വ്യാപാരികൾ ഈടാക്കുന്നത്. അൺലോക്കോടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി-പഴവർഗ വാഹനങ്ങളുടെ വരവ് പൂർവസ്ഥിതിയിലായെങ്കിലും വിപണിയിൽ ഇവയുടെ വിലയിൽ കാര്യമായ കുറവില്ല . വെണ്ടയ്ക്ക, തക്കാളി തുടങ്ങി വിരലിലെണ്ണാവുന്ന ചില സാധനങ്ങൾക്ക് നേരിയ വിലക്കുറവുണ്ടെങ്കിലും മറ്റ് ഇനങ്ങൾക്ക് ഉയർന്ന വില നൽകണം. പച്ച ഏത്തക്കായ നാല് കിലോ നൂറ് രൂപയ്ക്ക് വഴിയോര വാണിഭക്കാരും പെട്ടിവണ്ടിക്കാരും വിൽക്കുമ്പോൾ ഒരു കിലോ ഏത്തപ്പഴത്തിന് 50 രൂപയാണ് വില. ട്രോളിംഗ് നിരോധനം മുതലെടുത്ത് പച്ചക്കറി വിലയിലും നിയന്ത്രണമില്ല. നിർമ്മാണ സാമഗ്രികളുടെ വിലയും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. സിമന്റിന് പായ്ക്കറ്റിന് 450 രൂപവരെയാണ് ചില്ലറ വിൽപ്പന വില. റവന്യൂ, ലീഗൽ മെട്രോളജി, പൊലീസ് വിജിലൻസ് വിഭാഗങ്ങൾ പരിശോധന നടത്തിയാലേ കൃത്രിമക്ഷാമത്തിനും പൂഴ്‌ത്തിവയ്പ്പ്, വിലക്കയറ്റം എന്നിവയ്ക്കും പരിഹാരം കാണാൻ കഴിയൂ.