കൊല്ലം: മരണക്കിണറിന്റെ ആഴങ്ങളിൽ നിന്ന് മൂന്ന് മനുഷ്യ ശരീരങ്ങൾ മുകളിലേക്കെത്തി. അവരിൽ ഒരാളിൽ പോലും പ്രാണന്റെ കണികയില്ല. കിണറിന്റെ ആഴങ്ങളിൽ നിന്നുള്ള തിരയടിപോലുള്ള ശബ്ദം മുകളിൽ കേൾക്കാം. ഇനി ഒരാൾ കൂടിയുണ്ട്. ആ ജീവനെങ്കിലും രക്ഷിക്കണമെന്ന് മനസിലുറപ്പിച്ചാണ് കടപ്പാക്കട സ്റ്റേഷനിലെ ഫയർമാൻ വർണിനാഥ് ആഴങ്ങളിലേക്ക് പോയത്. ചെളിവെള്ളത്തിൽ പുതഞ്ഞുകിടന്ന ശരീരം വലയിൽ കുരുക്കാൻ തുടങ്ങുമ്പോൾ തന്നെ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. കിണറ്റിനുള്ളിൽ കഷ്ടിച്ച് ഒരാൾക്ക് നിൽക്കാനുള്ള സ്ഥലമേയുള്ളു. അരണ്ട വെളിച്ചം മാത്രം. പക്ഷെ വർണിനാഥ് കൃത്യം പൂർത്തിയാക്കാതെ മുകളിലേക്ക് മടങ്ങാൻ തയ്യാറായില്ല.
തന്നോട് ചേർന്നുകിടക്കുന്ന ആ ശരീരത്തിൽ ഇനിയും പ്രാണന്റെ തുടിപ്പുണ്ടെന്ന് വിശ്വസിച്ച്, ജോലി പൂർത്തിയാക്കി. പക്ഷെ മുകളിലേക്ക് കയറുന്നതിനിടയിൽ ആഞ്ഞ് ശ്വസിച്ചിട്ടും പ്രാണവായു കിട്ടുന്നില്ല. കഷ്ടിച്ച് പത്ത് അടിയേ പിന്നിട്ടുള്ളു. പീന്നീടുള്ളതൊന്നും വർണിയുടെ ഓർമ്മയിലില്ല. ബോധരഹിതനായാണ് വർണിനാഥ് മുകളിലേക്ക് എത്തിയത്. സഹപ്രവർത്തകർ ബ്രീത്തിംഗ് അപ്പാരറ്റസ് വേർപെടുത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വർണിയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. അപ്പോഴും സഹപ്രവർത്തകർ നെഞ്ചിൽ ആഞ്ഞ് അമർത്തി ശ്വാസം നൽകാനുള്ള ശ്രമങ്ങൾ തുടർന്നു.
കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയപ്പോൾ ഓർമ്മ തിരികിയെത്തി. അപ്പോഴാണ് താൻ രക്ഷിക്കാൻ ശ്രമിച്ച നാലാമത്തെയാളും മരിച്ച വിവരം വർണി അറിഞ്ഞത്. സ്വന്തം ജീവൻ തിരികെ കിട്ടിയെങ്കിലും തന്റെ അദ്ധ്വാനം വിഫലമായതിന്റെ നൊമ്പരത്തിൽ ചികിത്സയിൽ തുടരുകയാണ് വർണിനാഥ്. പാരിപ്പള്ളി കുളമട ആനൂർ വീട്ടിൽ വിജയനാഥക്കുറുപ്പിന്റെയും ജ്യോതിഷയുടെയും മകനാണ് ഈ മുപ്പതുകാരൻ. വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ നേതാവും കൊല്ലം എസ്.എൻ കോളേജിലെ മാഗസിൻ എഡിറ്ററുമായിരുന്നു. ലക്ഷ്മയാണ് ഭാര്യ. ഒന്നരവയസുകാരി സാവിത്രി ഏകമകൾ.