കുണ്ടറ: പെരുമ്പുഴയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കിണറ്റിൽ നിന്ന് അസ്വാഭാവിക ശബ്ദം ഉയരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സിന്റെ നിർദ്ദേശപ്രകാരം കിണർ അടച്ചിട്ടു.
നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തായാണ് കിണർ നിർമ്മിച്ചത്. വിഷവാതകം ഉണ്ടായ സ്ഥിതിക്ക് കിണർ മൂടാൻ നിർദ്ദേശം നൽകിയതായാണ് വിവരം. കിണറിന്റെ ഏറ്റവും അടിഭാഗത്ത് ചെളി കോരിമാറ്റുന്നതിനിടയിലാണ് അപകടം. മൺവെട്ടി കൊണ്ട് വെട്ടുന്നതിനിടയിൽ ഒരിടത്ത് വെട്ടിയപ്പോൾ പ്രത്യേക ശബ്ദത്തോടെ വെള്ളം പൊട്ടിയൊഴുകിയെത്തുകയായിരുന്നുവെന്നാണ് വിവരം. നിമിഷനേരംകൊണ്ടി കിണറ്റിൽ വെള്ളം ഉയർന്നു. വിഷവാതകം ശ്വസിച്ച് കിണറ്റിലുണ്ടായിരുന്നയാൾ ബോധരഹിതനായി. രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റ് മൂന്നുപേരും കുടുങ്ങിയതോടെയാണ് പുറത്തുണ്ടായിരുന്നവർ നിലവിളിച്ച് ആളെക്കൂട്ടിയതും ഫയർഫോഴ്സടക്കമെത്തിയതും.