കൊല്ലം: തൊണ്ണൂറ്റിയൊന്ന് വയസുള്ളയാൾക്ക് സാങ്കേതിക തടസമില്ലെങ്കിൽ കൈത്തറി പെൻഷനൊപ്പം വാർദ്ധക്യകാല പെൻഷൻകൂടി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊല്ലം പഞ്ചായത്ത് ഉപഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. ചാത്തന്നൂർ താഴം സ്വദേശി സഹദേവൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കൈത്തറി പെൻഷനൊപ്പം ലഭിച്ചിരുന്ന വാർദ്ധക്യകാല പെൻഷൻ പഞ്ചായത്ത് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നാണ് പരാതി.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് തേടി. ധനവകുപ്പിന്റെ 2019 ഏപ്രിൽ 30 നുള്ള 39/2019 നമ്പർ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ഷേമ പെൻഷനുകൾ ഇരട്ടിയാക്കിയ സാഹചര്യത്തിലാണ് ഒരാൾക്ക് ഒരു പെൻഷന് മാത്രം അർഹതയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്ഷേമപെൻഷനും സാമൂഹിക സുരക്ഷാ പെൻഷനും ഉൾപ്പെടെ രണ്ട് പെൻഷനുകൾ വിതരണം ചെയ്യുന്ന സോഫ്ട്‌വെയറിൽ മാറ്റം വരുത്തണമെന്ന് കമ്മിഷൻ മുമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണം.