പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കാട് വളർന്നത് റോഡിലേക്കിറങ്ങി. അതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി. ദേശീയ പാതയിലെ വാളക്കോട് മുതൽ തമിഴ്നാട് അതിർത്തിയിലെ കോട്ടവാസൽ വരെയുള്ള പാതയോരങ്ങളിലാണ് കൂറ്റൻ കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിയിരിക്കുന്നത്. വാളക്കോടിന് പുറമെ കലയനാട്, താമരപ്പള്ളി, പ്ലാച്ചേരി, ക്ഷേത്രഗിരി, തണ്ണിവളവ്, വെളളിമല,കുന്നുംപുറം, ഇടമൺ 34, ഉറുകുന്ന്,ലുക്കൗട്ട്, ഒറ്റക്കൽ,തെന്മല,കഴുതുരുട്ടി, ഇടപ്പളയം, മുരുകൻ പാഞ്ചാലി,ആര്യങ്കാവ് ,കോട്ടവാസൽ തുടങ്ങിയ സ്ഥലങ്ങളിലെ പാതയോരത്തെ കാടാണ് വളർന്ന് ദേശീയ പാതയിലേക്ക് ഇറങ്ങിയത് . എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്തത് അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ഡ്രൈവർമാർ.

കാട് നീക്കാൻ നടപടിയില്ല

റോഡിലൂടെ വാഹനങ്ങൾ കടന്ന് വരുമ്പോൾ പാതയോരത്തേക്ക് ഒഴിഞ്ഞ് നിൽക്കാൻ കഴിയാതെ വലയുകയാണ് കാൽ നടയാത്രക്കാർ. കഴിഞ്ഞ വർഷം 32 കോടിയോളം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ റീ ടാറിംഗ് നടത്തി. പുതിയ ഓടയും കലുങ്കുകളും നിർമ്മിച്ച് പ്രധാന കവലകളിലെ പാതയോരങ്ങളിൽ തറയോട് പാകി മനോഹരമാക്കി. ഇത് കൂടാതെ ഇടിഞ്ഞിറങ്ങിയ പാതയോരങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുകയും അപകടങ്ങൾക്ക് സാദ്ധ്യതയും കൊക്കയുമുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയറും സ്ഥാപിച്ചിരുന്നു. എന്നാൽ അഞ്ച് മാസത്തിനകം പാതയോരങ്ങളിലെ കാട് വളർന്ന് ദേശീയ പാതയിലേക്ക് ഇറങ്ങിയെങ്കിലും അത് നീക്കം ചെയ്യാനുളള നടപടികൾ ആരംഭിച്ചില്ലെന്ന പരാതിയുണ്ട്.

മഴ കാരണമാണ് ദേശീയ പാതയോരത്തെ കാട് നീക്കം ചെയ്യാൻ കഴിയാത്തത്. മഴ മാറിയാൽ ഉടൻ കാടുകൾ നീക്കം ചെയ്യും.

ടി.റോഷ്മോൻ

അസി.എക്സിക്യൂട്ടീവ്, എൻജിനീയർ

ദേശീയ പാത വിഭാഗം