cry

കൊല്ലം: കൊവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിൽ ഭേദപ്പെട്ടൊരു പണി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു പെരിനാട് ഇടവട്ടം വയലിൽത്തറ ശ്രുതിലയത്തിൽ സോമരാജനും കൂട്ടരും. കിണർ പണിയാണ് മുഖ്യ തൊഴിൽ. വേനൽ കാലത്താണ് കൂടുതൽ പണികൾ കിട്ടാറുള്ളത്.

ഇക്കുറി പെരുമഴയും കൊവിഡും ലോക്ഡൗണുമൊക്കെയായി ജോലി ലഭിച്ചിരുന്നില്ല. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരാണ് സോമരാജന്റെയും മനോജിന്റെയും രാജന്റെയും ശിവപ്രസാദിന്റെയും കുടുംബങ്ങൾ. ഇവരൊന്നിച്ചാണ് കിണർ കുഴിക്കാൻ പോകാറുള്ളതും. ശിവപ്രസാദിന് സ്വന്തമായി വീടില്ല. സഹോദരന്റെ മരണത്തോടെ കുടുംബഭാരം ശിവപ്രസാദിന്റെ ചുമലിലായി. മനോജിന് ഒന്നും ആറും വയസുള്ള കുട്ടികളുണ്ട്. കുടുംബത്തിന്റെ ആകെയുള്ള ആശ്രയവുമാണ്.

ഓരോ കുടുംബത്തിനും സങ്കടങ്ങളുടെ ഭാരം നൽകിയാണ് അപ്രതീക്ഷിത വിയോഗങ്ങൾ. ഇന്നലെ ആറുപേരും ഒന്നിച്ചാണ് കിണർവെട്ടാൻ രാവിലെ പെരുമ്പുഴയിലെത്തിയത്. കൊല്ലം സ്വദേശി വീട് നിർമ്മിക്കാൻ വാങ്ങിയ പുരയിടമാണിത്. ഇദ്ദേഹം ചെന്നൈയിലായതിനാൽ സോമരാജനെ ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നു. മണ്ണിന് ഉറപ്പില്ലാത്തതിനാൽ കോൺക്രീറ്റ് തൊടികൾ ഇറക്കിയാണ് താഴേക്ക് കുഴിച്ചിരുന്നത്.

അറുപത്തഞ്ചടി പിന്നിട്ടപ്പോഴും വെള്ളം കണ്ടില്ല. ആഴം കൂടിയിട്ടും വെള്ളം കിട്ടാതെവന്നപ്പോഴാണ് വീതി കുറച്ച് കുറച്ചുകൂടി ആഴത്തിൽ കുഴിക്കാൻ തീരുമാനിച്ചത്. താഴേക്ക് ചെല്ലുംതോറും ചെളിമണ്ണായി. കഷ്ടിച്ച് രണ്ടുപേർക്ക് ഞെരിഞ്ഞ് ഇറങ്ങി നിൽക്കാവുന്ന വീതി മാത്രമേയുള്ളു. ഓക്സിജന്റെ അളവ് കുറവാണെന്ന് മനോജ് പറഞ്ഞിരുന്നെങ്കിലും അധികം വൈകാതെ വെള്ളം കിട്ടുമെന്ന പ്രതീക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു. മൺവെട്ടികൊണ്ടുള്ള ഒരു വെട്ടിന് അസ്വാഭാവിക ശബ്ദത്തോടെ വെള്ളം ചീറ്റിവന്നു. പക്ഷെ, അതോടൊപ്പം വിഷവാതകവും പുറത്തേക്ക് വന്നതാണ് നാലുപേരുടെയും ജീവനെടുത്തത്.