police

 കമ്മിഷണ‌ർക്ക് ഉത്തരവ് ബാധകമല്ലേ?

കൊല്ലം: ജില്ലാ ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഇളവുകൾ അനുവദിക്കാതെ വ്യാപാരികൾക്ക് നേരെയുള്ള കൊല്ലം സിറ്റി പൊലീസിന്റെ പീഡനം തുടരുന്നു. സർക്കാർ നൽകിയ ഇളവുകൾ അനുവദിക്കാതെ തുറക്കുന്ന കടകളിൽ പലതും പൊലീസ് ഉദ്യോഗസ്ഥരെത്തി ഭീഷണിയും അസഭ്യവർഷവും നടത്തി അടപ്പിക്കുകയാണ്.

സംസ്ഥാനത്ത് എല്ലായിടത്തും കാർഷിക, നിർമ്മാണ, വ്യവസായ യൂണിറ്റുകൾക്കും ക്വാറികൾക്കും പ്രവർത്തനാനുമതിയുണ്ട്. ഇവയ്ക്ക് ആവശ്യമായ സാധനങ്ങളുടെ പായ്ക്കിംഗും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. സംസ്ഥാന തലത്തിലുള്ള ഈ ഇളവ് കൊല്ലം സിറ്റി പൊലീസ് അനുവദിക്കുന്നില്ല. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകളും അടപ്പിക്കുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലയുടെ വലിയൊരു ഭാഗം പ്രദേശങ്ങളിൽ സ്തംഭിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെത്തി വളരെ പരുഷമായാണ് പൊലീസിന്റെ പെരുമാറ്റം.

കടകളിലെത്തുന്ന ഉപഭോക്താക്കളോടും മോശമായി പെരുമാറുന്നുണ്ട്. കമ്മിഷണറുടെ നിർദ്ദേശം നടപ്പാക്കുന്നുവെന്നാണ് പൊലീസുകാരുടെ വിശദീകരണം. എന്നാൽ ചില വമ്പൻ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ രഹസ്യമായി അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ എല്ലാ ദിവസവും തുറക്കാൻ അനുമതിയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടപ്പിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ എത്തുന്ന വ്യാപാരി നേതാക്കളെയും പൊതുജനങ്ങളുടെ മുന്നിൽ വച്ച് പൊലീസ് അപമാനിക്കുകയാണ്.

പൊലീസിന്റെ അന്യായ നടപടികൾക്കെതിരെ വ്യാപാരികൾ കൂട്ടത്തോടെ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കളക്ടർ വ്യാപാരി നേതാക്കളെയും കമ്മിഷണറെയും പങ്കെടുപ്പിച്ച് ഓൺലൈനായി യോഗം ചേർന്നു. ഈ യോഗത്തിൽ പൊലീസിന്റെ പക്ഷപാതപരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനം വ്യാപാരി നേതാക്കൾ ഉന്നയിച്ചു.