
കൊല്ലം: സ്പോട്ട് രജിസ്ട്രേഷനിലൂടെ ഇഷ്ടക്കാർക്ക് വേഗത്തിൽ വാക്സിൻ നൽകുന്നതിനെച്ചൊല്ലി പലയിടങ്ങളിലും വാക്കുതർക്കം. നേരത്തെയും ഇത്തരം ആക്ഷേപങ്ങൾ വന്നതോടെ ടോക്കൺ അടിസ്ഥാനത്തിൽ സ്പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിനേഷൻ നടപടികൾ നടത്തുകയായിരുന്നു. വാക്സിനേഷൻ ക്യാമ്പുകളിൽ ജോലിക്കായെത്തുന്നവരുടെയും സ്ഥലത്തെ ചില 'പ്രമുഖരുടെ" യും ഇഷ്ടക്കാർക്കായാണ് പിൻവാതിൽ പ്രവേശനം നടത്തുന്നത്. ടോക്കണെടുത്ത് ഊഴം കാത്തുനിൽക്കുന്നവരെയും വയോധികരെയും പിന്തള്ളിയാണ് ഇഷ്ടക്കാർക്ക് വാക്സിൻ നൽകുന്നത്. രണ്ടാം ഡോസുകാർക്ക് മുൻഗണനയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുമ്പോഴും ഇവർക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മയ്യനാട് പി.എച്ച്.സിയിൽ വാക്കുതർക്കം
ടോക്കണെടുത്ത് കാത്തുനിന്നവരെയും വയോധികരെയും പിന്തള്ളി പിൻവാതിലിലൂടെ ചിലർക്ക് വാക്സിൻ നൽകിയത് മയ്യനാട് പി.എച്ച്.സിയിലെ ക്യാമ്പിൽ വാക്കുതർക്കത്തിനിടയാക്കി. ഇന്നലെ രാവിലെ 11നാണ് സംഭവം. 20 ടോക്കണുകൾക്ക് ക്രമം അനുസരിച്ച് വാക്സിൻനൽകുന്ന സമയത്താണ് ചില പ്രമുഖരുടെ ഇഷ്ടക്കാരും സ്റ്റാഫുകളുടെ ബന്ധുക്കളും അനുവാദമില്ലാതെ അകത്തേക്ക് കയറിയത്. ഇതാണ് വാക്കുതർക്കത്തിന് കാരണം. കാൻസർ, ഹൃദ്രോഗം, തളർവാദം തുടങ്ങിയ അസുഖങ്ങളുള്ളവർ രാവിലെ മുതൽ ടോക്കൺ വാങ്ങി ക്യൂ നിൽക്കുമ്പോഴാണ് പ്രമുഖരുടെ ഇഷ്ടക്കാരുടെ കടന്നുകയറ്റം.
പൊലീസ് വോളണ്ടിയർമാർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല
തർക്കം രൂക്ഷമായതോടെ പൊലീസ് വോളണ്ടിയർമാർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഇരവിപുരം സ്റ്റേഷനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പ്രശ്നം അല്പമെങ്കിലും മയപ്പെട്ടത്. ടോക്കൺ ക്രമത്തിൽ വാക്സിൻ നൽകിയാൽ പോരേയെന്നുള്ള വോളണ്ടിയർമാരുടെ ചോദ്യത്തിന് തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വാക്സിൻ നൽകുമെന്ന നിഷേധാത്മക നിലപാടാണ് കേന്ദ്രത്തിലുള്ളവർ സ്വീകരിച്ചത്. ഇതിനിടെ ഒരു യുവതി കുഴഞ്ഞുവീണു. ഓൺലൈൻ സ്ലോട്ടിൽ രജിസ്റ്റർ ചെയ്ത് രാവിലെ 9ഓടെ ക്യാമ്പിലെത്തിയ യുവതിയാണ് കുഴഞ്ഞുവീണത്.