കുണ്ടറ: പെരുമ്പുഴ കോവിൽമുക്കിന് സമീപം കൊറ്റങ്കര രണ്ടാംവാർഡ് അങ്കണവാടിയോട് ചേർന്ന പുരയിടത്തിൽ കിണർ നിർമ്മാണത്തിനിടെ നാലുപേർ ശ്വാസംമുട്ടി മരിച്ചെന്ന വാർത്ത നിമിഷനേരം കൊണ്ടാണ് നാടുമുഴുവൻ പരന്നത്.
കൊവിഡ് പശ്ചാത്തലമൊക്കെ മറന്ന് നൂറുകണക്കിന് ആളുകൾ കിണറിന് സമീപത്ത് തടിച്ചുകൂടി. അപകടം നടന്ന് കാൽ മണിക്കൂറിനുള്ളിൽ കുണ്ടറ ഫയർഫോഴ്സും പിന്നാലെ കൊല്ലം ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഓക്സിജൻ സൗകര്യവുമായി കിണറ്റിലേക്കിറങ്ങി മിനിട്ടുകൾക്കകം ശ്വാസതടസത്തോടെ തിരിച്ചുകയറിയതോടെ കൂടുതൽ ആശങ്ക പരന്നു. ഓക്സിജൻ മാസ്ക് ശരിയായി ധരിക്കാഞ്ഞതാണ് ശ്വാസ തടസത്തിന് കാരണമെന്ന് ബോദ്ധ്യമായതോടെ അടുത്തയാളിറങ്ങി. സെക്കൻഡുകൾ മിനിട്ടുകളായി മണിക്കൂർ പിന്നിട്ടിട്ടും കിണറ്റിലകപ്പെട്ട ഒരാളെപ്പോലും പുറത്തെടുക്കാനായില്ല. ഇതോടെ പുറത്ത് നിന്നവരിൽ ചിലർക്ക് അമർഷവുമുണ്ടായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കഠിന പരിശ്രമം ബോദ്ധ്യപ്പെട്ടവരൊക്കെ പ്രതീക്ഷയിലായിരുന്നു. ഒന്നര മണിക്കൂറോളമെത്തിയപ്പോഴാണ് ഒരാളെ പുറത്തെത്തിച്ചത്. അടുത്തയാളെ പുറത്തെടുക്കാൻ മറ്റൊരു ഉദ്യോഗസ്ഥൻ കിണറ്റിലേക്ക് ഇറങ്ങിയപ്പോഴേക്കും കാത്തുനിന്ന ആംബുലൻസിൽ ആദ്യം പുറത്തെടുത്തയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒന്നിനുപിന്നാലെ നാലുപേരെയും പുറത്തെടുത്തപ്പോഴേക്കും പ്രദേശം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നാലുപേരെയുംകൊണ്ട് ആംബുലൻസുകൾ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും അധികം വൈകാതെ നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. ഭൂഗർഭ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ, കുണ്ടറ സി.ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.