ചാത്തന്നൂർ : ഇടനിലക്കാരുടെ കുതന്ത്രങ്ങളെ മറികടന്ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പൊതുശ്മശാനത്തിന് ഇടമൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് മാഫിയയും സ്ഥാപിത താത്പര്യക്കാരും ഉയർത്തിവിട്ട എതിർപ്പുകളെ അതിജീവിച്ചാണ് ചാത്തന്നൂർ വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കുസമീപം പഞ്ചായത്തിന്റെ ഭൂമിയിൽ പൊതുശ്മശാനം ഒരുങ്ങുന്നത്. പള്ളിവക ശ്മശാനം അരികെയുള്ളതിനാൽ പൊതുശ്മശാനത്തിനെതിരായ എതിർപ്പുകൾ വിലപ്പോകില്ലെന്ന ഉറപ്പിലാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ ഈ സ്ഥലം തിരഞ്ഞെടുത്തത്. ഇത്തിക്കരയാറ്റിന് സമീപം പള്ളിക്കമണ്ണടിയിൽ ശ്മശാനം സ്ഥാപിക്കാൻ 35 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പുരയിടം വാങ്ങിയെങ്കിലും ഇത് വിവാദങ്ങളിലാണ് കലാശിച്ചത്. സമീപവാസികളുടെ എതിർപ്പുകളും വസ്തുവാങ്ങിയതിലെ സുതാര്യതക്കുറവും പദ്ധതിക്ക് തടസമായി. തുടർന്നാണ് ഇപ്പോഴത്തെ ഭരണസമിതി ശ്മശാനത്തിനായി മറ്റൊരിടം തേടിയത്.
ക്ലീൻകേരളയുമായി കരാർ
നിലവിൽ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന ഭൂമിയാണിത്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്രിക് മാലിന്യങ്ങൾ തരംതിരിച്ച് കൊണ്ടുപോകാൻ ക്ലീൻകേരള എന്ന കമ്പനിയുമായി ഗ്രാമ പഞ്ചായത്ത് കരാറുണ്ടാക്കിയിട്ടുണ്ട്. കമ്പനി ഇവിടെനിന്ന് മാലിന്യം നീക്കിത്തുടങ്ങിയെങ്കിലും പൂർണമായിട്ടില്ല. അവശേഷിക്കുന്ന ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റുന്നതിന് പുതുതായി സ്ഥാപിച്ച ജിയോ മാലിന്യ പ്ലാന്റ് ഉടൻ കമ്മിഷൻ ചെയ്യും.അജൈവമാലിന്യം കൈകാര്യം ചെയ്യുന്നതിന് ഹരിതകേരള മിഷനുമായിച്ചേർന്നുള്ള പദ്ധതികൂടി നടപ്പാക്കുന്നതോടെ ചാത്തന്നൂർ പൂർണമായും മാലിന്യമുക്ത പഞ്ചായത്തായി മാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പറഞ്ഞു.
അടുത്ത ഏപ്രിലോടെ നിർമ്മാണം
ഈ സാമ്പത്തിക വർഷം തന്നെ മാലിന്യപ്രശ്നം പരിഹരിച്ചുകൊണ്ട് സ്വതന്ത്രമാക്കുന്ന ഭൂമിയിൽ അടുത്ത ഏപ്രിലോടെ ശ്മശാനത്തിന്റെ നിർമ്മാണം ആരംഭിക്കും. അത്യാധുനിക രീതിയിലുള്ള മാലിന്യരഹിതവും വൈദ്യുതിയിലും ഗ്യാസിലും പ്രവർത്തിക്കുന്നതുമായ ക്രിമറ്റോറിയമാണ് സ്ഥാപിക്കുന്നത്. ശ്മശാനത്തിനോടു ചേർന്ന് 33 ലക്ഷം ചെലവിൽ മാലിന്യസംസ്കരണത്തിനുള്ള ബയോ മൈനിംഗ് പ്രോജക്ടും നടപ്പാക്കും.