utra

കൊല്ലം: ഉത്ര വധക്കേസിലെ നിർണായക തെളിവുകളിലൊന്നായ, പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്ക് അയച്ച ഇ- മെയിൽ പരാതി വ്യാജമായി സൃഷ്ടിച്ചതാണെന്ന വാദവുമായി പ്രതിഭാഗം.
സൂരജ് എസ് കുമാർ1993 @ ജിമെയിൽ.കോം എന്ന മെയിലിൽ നിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേയ്ക്ക് അയച്ച പരാതിയുടെ പകർപ്പും അതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച രസീതും സൂരജിന്റെ മൊബൈൽ ഫോണിൽ നിന്ന് സൈബർ വിദഗ്ദ്ധർ കണ്ടെടുത്താണ് പ്രോസിക്യൂഷൻ തെളിവാക്കിയത്. ഉത്രയെ കൊലപ്പെടുത്തിയത് സഹോദരനാണെന്നാണ് സൂരജിന്റെ ഈ പരാതിയിൽ പറയുന്നത്. ഉത്രയെ, ആദ്യം അണലി കടിച്ച് ചികിത്സയിൽ കഴിഞ്ഞെന്നും മൂർഖന്റെ കടിയേറ്റ ദിവസം താൻ ഒപ്പമുണ്ടായിരുന്നുവെന്നും ഈ പരാതിയിൽ പറയുന്നു. എന്നാലിപ്പോൾ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിട്ടില്ലെന്നും മൂർഖന്റെ കടിയേറ്റ ദിവസം ഉത്രയുടെ അമ്മയാണ് ഒപ്പം കിടന്നതെന്നുമാണ് സൂരജിന്റെ വാദം. ഈ വാദത്തിന് തിരിച്ചടിയാകുമെന്നതിനാലാണ് സൂരജ് അയച്ച ഇ- മെയിൽ കൃത്രിമമാണെന്ന വാദം ഇപ്പോൾ ഉന്നയിക്കുന്നത്.
പ്രതിയുടെ പൂർണ സമ്മതത്തോടെ ഇ - മെയിൽ പാസ് വേഡ് നൽകിയാൽ കോടതി മുമ്പാകെ ഇ- മെയിൽ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോയെന്നു പരിശോധിക്കാമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസ്ക്യൂട്ടർ ജി. മോഹൻ രാജ് വാദിച്ചു. എന്നാൽ പ്രതിഭാഗം പ്രതിയുടെ ഇ - മെയിൽ പാസ് വേഡ് ലഭ്യമാക്കാൻ തയാറായില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് ലഭിച്ച രസീത് ചോദ്യം ചെയ്യുന്നത് യുക്തി‍യല്ലെന്നും 20ന് നൽകിയ പരാതിയിൽ പ്രതി ഉത്രയോടൊപ്പമാണ് രാത്രി കിടന്നുറങ്ങിയതെന്നത് ഉൾപ്പെടെ പരാമർശിക്കുന്നത് വളരെ പ്രസക്തമാക്കുന്നുവെന്നും സെപ്ഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
രേഖയുടെ പ്രധാന്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് പരാതിയുടെ പകർപ്പും രസീതിന്റെ പകർപ്പും ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥർക്ക് കൊല്ലം ആറാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് സ്വമേധയ നിർദേശം നൽകി. പ്രതിയുടെ ഇ- മെയിലിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പും അതിന് നൽകിയ രസീതും 19ന് കോടതിയിൽ ഹജരാക്കാൻ ഉത്തരവിട്ടു. കേസ് 19ന് പരിഗണിക്കും.