kayal

കൊല്ലം: അഷ്ടമുടിയിൽ സുലഭമായിരുന്ന വിവിധയിനം മത്സ്യങ്ങൾ കൃത്യമായ വേലിയേറ്റവും വേലിയിറക്കവും ഇല്ലാതായതോടെ വംശനാശം സംഭവിച്ചു. 32 വർഷം മുമ്പത്തെ പഠനത്തിൽ 97 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.

എന്നാലിന്ന് ആവാസവ്യസ്ഥ നശിച്ച് 10.3 ശതമാനം വർഗം മത്സ്യങ്ങളെ അഷ്‌ടമുടിക്ക് നഷ്ടമായി. ഇന്നത് പതിനഞ്ചോളം ഇനങ്ങളായി ചുരുങ്ങി. കായലിന്റെ സ്വാഭാവിക ആഴം നികന്നതും കണ്ടൽ കാടുകളുടെ വ്യാപക നശീകരണവും മത്സ്യങ്ങളുടെ പ്രജനനത്തിന് തടസമായി. എൺപത് ശതമാനത്തിലേറെ കണ്ടൽ കാടുകളും അഷ്ടമുടിയിൽ ഇല്ലാതായി.

അഷ്ടമുടിയിൽ മാത്രം കണ്ടുവരുന്ന കൂഴാലി മത്സ്യവും കുറഞ്ഞുവരികയാണ്. മഞ്ഞക്കൂരി, കരിമീൻ, കൊ‌‌ഞ്ച് തുടങ്ങിയ ഇനങ്ങളിലും കുറവുണ്ടായിട്ടുണ്ട്. മലിനീകരണവും കൈയേറ്റവും നിരോധിത മത്സ്യബന്ധന രീതികളുമൊക്കെയാണ് മത്സ്യങ്ങളുടെ കുലം തന്നെ ഇല്ലാതാക്കിയത്.

പൂവാലൻ കക്കയും കുറഞ്ഞു

അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്റുള്ള പൂവാലൻ കക്ക (മഞ്ഞകക്ക) അഷ്ടമുടിയിൽ സുലഭമായിരുന്നു. ഇന്നിപ്പോൾ ഒരു ദിവസം മുഴുവൻ അദ്ധ്വാനിച്ചാലും അഞ്ച് കിലോ കക്ക പോലും കിട്ടില്ല. നീണ്ടകര പാലത്തിന് കിഴക്ക് മുതൽ തെക്കുംഭാഗം പള്ളിക്കോടി മുനമ്പിന് തെക്ക് പുളിമൂട്ടിൽ കടവ് വരെയുള്ള പ്രദേശത്തെ കക്കാ സമ്പത്ത് തീർത്തും കുറഞ്ഞു.

''

നീറ്റുകക്കയുടെ നൂറുകണക്കിന് ലോഡാണ് ഇവിടെ നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്ക് അയച്ചിരുന്നത്. കക്ക ലഭ്യത കുറഞ്ഞതോടെ തീരവാസികളുടെ ഉപജീവന മാർഗവും അടഞ്ഞു.

അനിൽ കുമാർ,

നീണ്ടകര അഞ്ചാം വാർഡ് അംഗം


വല മടക്കി മത്സ്യത്തൊഴിലാളികൾ
വെളുപ്പിന് 4ന് ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് 1000 ​- 1500 രൂപയുടെ മീൻ ലഭിച്ചിരുന്നിടത്ത് ഇന്ന് ഇരുട്ടുംവരെ പണിയെടുത്താലും 250 രൂപ തികച്ച് കിട്ടില്ല. ഇതേ അവസ്ഥയാണ് ചീനവല തൊഴിലാളികൾക്കും. 500 മുതൽ 1000 രൂപ വരെ ദിവസം ആദായം ലഭിച്ചിരുന്നിടത്ത് വരുമാനം നാലിലൊന്നായി ചുരുങ്ങി. കോരുവല, നീട്ടുവല, വീശുവല, ചൂണ്ടക്കാർ എന്നിവർക്കെല്ലാം വരുമാനം പകുതിക്ക് താഴെയായി. കൊവിഡ് നിയന്ത്രങ്ങൾ കൂടി വന്നതോടെ മിക്ക മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്.

കെണിയൊളിപ്പിച്ച് കായലോളങ്ങൾ

1. മണൽത്തിട്ടകൾ മത്സ്യബന്ധന - യാത്രാ ബോട്ടുകൾക്കും വള്ളങ്ങൾക്കും ഭീഷണി

2. പള്ളിക്കോടി - ദളവാപുരം പാലത്തിന് താഴെ മണ്ണും മാലിന്യവും നിറഞ്ഞു

3. കൊല്ലം - ആലപ്പുഴ - കോട്ടപ്പുറം ദേശീയജലപാത കടന്നുപോകുന്ന ഈ ഭാഗത്ത് വീതി 15 മീറ്റർ

4. ഇവിടെ കായലിന്റെ വീതി 600 മീറ്ററിലേറെ

5. നീണ്ടകര മേരീലാൻഡിൽ നങ്കൂരമിട്ട നൂറോളം ബോട്ടുകൾ കുടുങ്ങി

6. ട്രോളിംഗ് നിരോധനം മാറുന്നതോടെ കടലിൽ പോകണമെങ്കിൽ മണ്ണ് നീക്കം ചെയ്യണം

7. കഴിഞ്ഞ വർഷം തൊഴിലാളികൾ പിരിവെടുത്ത് മണ്ണ് നീക്കി

മത്സ്യങ്ങൾ

32 വർഷം മുമ്പ്: 97 ഇനം

2012ലെ പഠനത്തിൽ: 87

ഇപ്പോൾ ലഭിക്കുന്നത്: 15

നശിപ്പിക്കപ്പെട്ട കണ്ടൽ കാടുകൾ: 80 %

ഇല്ലാതായ സസ്യ സ്‌പീഷീസുകൾ: 43 (ചതുപ്പ്, കണ്ടൽക്കാട് വിഭാഗം)

മറഞ്ഞ പക്ഷികൾ: 57

''

ബോട്ടുകളും വള്ളങ്ങളും മണൽ പുറ്റുകളിലും തിട്ടകളിലും തട്ടി അപകടത്തിൽ പെടുന്നത് പതിവായി. മുൻ പരിചയം ഇല്ലാത്തവർ ബോട്ടുമായി വന്നാൽ അപകടം ഉറപ്പാണ്.

പോൾസൺ,

മത്സ്യത്തൊഴിലാളി

''

കൊവിഡ് പ്രതിസന്ധിയോടെ കൈയിൽ കാശില്ല. കായലിലെ മണ്ണ് നീക്കിയാലേ ബോട്ടുകൾക്ക് കടലിൽ പോകാൻ കഴിയൂ. ജനപ്രതിനിധികളെ കണ്ട് സഹായം തേടിയിട്ടുണ്ട്.

ജെൺസൺ, ബോട്ട് ഉടമ