ആലപ്പുഴ : നിർമ്മാണ തൊഴിലാളിയായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. നൂറനാട് ഇടക്കുന്നം ചിറയിൽ പടീറ്റതിൽ പരേതനായ തങ്കപ്പന്റെ മകൻ വിമലൻ എന്ന വിമൽ(46) ആണ് മരിച്ചത്. കഴിഞ്ഞവർഷം സെപ്തംബർ 9ന് രാവിലെയാണ് വിമലന്റെ മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 8ന് രാവിലെ പ്രദേശത്തെ ഒരു വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിമലനെ അയൽവാസി ബലമായി പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചതായി ഒപ്പം പണിചെയ്തിരുന്നവർ നൂറനാട് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അന്ന് ഉച്ചയോടെ തിരികെ ജോലി സ്ഥലത്തെത്തിയ വിമലന്റെ ശരീരമാസകലം മാരകായുധങ്ങൾക്ക് അടിച്ച പാടുകളായിരുന്നു. തുടർന്ന് കാണാതായ വിമലനെ അടുത്തദിവസം രാവിലെ വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യദിവസമുണ്ടായ
അടിയേറ്റ പാടുകളേക്കാൾ കൂടുതൽ മുറിവുകൾ മൃതദേഹത്തിൽ മുഖത്തും തലയിലും കൈപ്പത്തിയിലുമായി കാണപ്പെട്ടതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. അവിവാഹിതനായ വിമലൻ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഭയം കാരണം സ്വന്തം വീട്ടിൽ നിന്ന് മാറി പ്രദേശത്തെ ചില കേന്ദ്രങ്ങളിലാണ് ഉറങ്ങിയിരുന്നത്. അമ്മ ദേവയാനി ബന്ധുവീട്ടിലുമായിരുന്നു. വിമലന്റെ മൃതദേഹം തിടുക്കത്തിൽ പോസ്റ്റുമോർട്ടം നടത്താനും സംസ്കരിക്കാനും ചിലർ ശ്രമിച്ചതും സംശയങ്ങൾ ഇരട്ടിയാക്കുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിരലടയാള വിദഗ്ദരെത്തി തെളിവുകൾ ശേഖരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്രുമോർട്ടത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. വിമലൻ ആത്മഹത്യ ചെയ്തതാണെന്നപേരിൽ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ് നൂറനാട് പൊലീസ്. കടബാദ്ധ്യതയോ കുടുംബപ്രശ്നങ്ങളോ ഇല്ലാത്ത വിമലന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് ബന്ധുക്കളും പരിസരവാസികളും വെളിപ്പെടുത്തുന്നത്. അയൽവാസിയിൽ നിന്നുണ്ടായ ക്രൂര മർദ്ദനമാണ് വിമലന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. മരണത്തിൽ സംശയം ആരോപിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നടപടികൾ മൊഴിയെടുക്കലിലൊതുങ്ങിയെന്നാണ് ആക്ഷേപം.
ദുരൂഹമായ ആ രാത്രി
സെപ്തംബർ ഏഴിന് രാത്രി തന്റെ വീടിന് പുറത്ത് വിമലൻ ആരുടെയോ സംസാരം കേട്ടു.അതിന്റെ ഉള്ളടക്കം തന്നെ വകവരുത്തുകയെന്നതാണെന്ന് മനസിലാക്കിയ വിമലൻ പിൻവാതിലിലൂടെ ഓടി തൊട്ടടുത്ത ബന്ധുവീട്ടിലെത്തി. അവർ കതക് തുറക്കാതിരുന്നതിനാൽ നാലുമുക്കിലെ മറ്രൊരുവീട്ടിലെത്തി, കാര്യംപറഞ്ഞു. തുടർന്ന് തൊട്ടടുത്ത് നിർമ്മാണത്തിലിരുന്ന വീടിന്റെ കോമ്പൗണ്ടിൽ കിടന്നുറങ്ങി. പുലർച്ചെ നാലരയോടെ മഴയെ തുടർന്ന് സമീപത്തെ വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ആട്ടോയിലേക്ക് മാറി. രാവിലെ ഉറക്കമുണർന്ന വിമലൻ തന്റെ അയൽവീട്ടിൽ കഴിഞ്ഞ രാത്രി മുതൽ പുലർച്ചവരെ അസാധാരണ സാഹചര്യത്തിൽ ഒരു പെൺകുട്ടിയേയും യുവാവിനെയും കണ്ടതായി വീട്ടുടമയായ സുഹൃത്തിനോട് പറഞ്ഞു.തന്റെ അയൽക്കാരനും കുടുംബവും അവിടെ ഉണ്ടായിരുന്നതായും വിമലൻ പറഞ്ഞു. തന്റെ വീടിന് മുന്നിൽ വെളിച്ചമില്ലാത്തതിനാൽ അകത്ത് കിടന്ന ബൾബ് ഊരി വിമലൻ പുറത്തിട്ടു. വെളിച്ചം കാണുമ്പോൾ പെൺകുട്ടിയും യുവാവും പോകുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ യുവാവും പെൺകുട്ടിയും പോയില്ല. കുറച്ച് സമയത്തിന് ശേഷം ഗൃഹനാഥനും ഭാര്യയും പുറത്തിറങ്ങി. വാറ്റുപകരണങ്ങൾ വൃത്തിയാക്കുന്നതും അയാൾ കണ്ടു. അപ്പോഴാണ് ചാരായം വാറ്റുന്നതിന് പരിസരം നിരീക്ഷിക്കുകയായിരുന്നു യുവാവും പെൺകുട്ടിയുമെന്ന് വിമലന് മനസിലായത്. മുമ്പ് പലപ്പോഴും അർദ്ധരാത്രിയിൽ അയൽവാസിയും ഭാര്യയും സമീപത്തെ കുളത്തിലിറങ്ങുന്നത് വിമലൻ കാണാനിടയാകുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും മീൻ പിടിക്കുകയാണെന്നാണ് അവർ പറഞ്ഞത്. അയൽക്കാരന്റെ ഭാര്യയുടെ ബന്ധുവായിരുന്നു പെൺകുട്ടിയ്ക്കൊപ്പം കാണപ്പെട്ട യുവാവ്. ലോക് ഡൗൺ കാലത്ത് വള്ളികുന്നത്തുണ്ടായ അക്രമസംഭവത്തിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് ഏതോപെൺകുട്ടിക്കൊപ്പം യുവാവ് അർദ്ധരാത്രി വീടിന് കാവൽ നിന്നത്.
ഉച്ചഭക്ഷണത്തിനായി പോയി
പിന്നീട് കണ്ടത് മൃതദേഹം
രാത്രിയിൽ യുവാവിനെയും പെൺകുട്ടിയെയും സംശയകരമായി കണ്ടതും വാറ്റുപകരണങ്ങൾ വൃത്തിയാക്കിയതും വിമലൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അടുത്തദിവസം പണിചെയ്തിരുന്ന വീട്ടിൽ നിന്ന് വിമലനെ പിടിച്ചുകൊണ്ടുപോയി മർദ്ദിക്കാൻ കാരണമായത്. അയൽവാസിയും ഭാര്യയും മർദ്ദിച്ചതിന് പരിസരവാസികൾ ദൃക്സാക്ഷികളാണ്. മർദ്ദിച്ചവരുടെ പേരും വിമലൻ വെളിപ്പെടുത്തിയിരുന്നു. മർദ്ദനമേറ്റ ദിവസം ഉച്ചയ്ക്ക് വീട്ടിൽ ചെന്നപ്പോൾ അയൽവാസിയുടെ വീട്ടിലുണ്ടായിരുന്ന ചില യുവാക്കൾ വിമലനെ വിരൽ ഞൊടിച്ച് വിളിച്ചു. അയൽവാസിയും താനുമായുള്ള പ്രശ്നത്തിൽ പുറത്ത് നിന്നുള്ളവർ ഇടപെടേണ്ടതില്ലെന്ന് വിമലൻ മറുപടി നൽകി. മർദ്ദനമേറ്ര ദിവസം ഉച്ചയ്ക്ക് ശേഷം വിമലൻ ജോലിക്കെത്തിയില്ല. അന്ന് രാത്രി എട്ടരവരെ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം പണിക്ക് വന്ന സുഹൃത്തുക്കളോടും വിമലൻ ഇക്കാര്യങ്ങൾ പറഞ്ഞു. അന്നേദിവസം ഉച്ചവരെ ജോലിയിലേർപ്പെട്ടശേഷം ഭക്ഷണത്തിനായി വീട്ടിലേക്ക് മടങ്ങിയ വിമലന്റെ മരണവാർത്ത കേട്ടാണ് അടുത്തദിവസം നാടുണർന്നത്. വിമലന്റെ മരണത്തിൽ അയൽവാസി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതികൾ സമർപ്പിക്കുകയും ചെയ്തെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നുമുണ്ടായില്ല.
വിമലിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് പോലുള്ള പ്രത്യേക ഏജൻസികളെ ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി സർക്കാരിനെയും കോടതിയെയും സമീപിക്കാനാണ് ആക്ഷൻ കൗൺസിലിന്റെ നീക്കം.