കരുനാഗപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഭാരതീയ പ്രകൃതി കൃഷിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ പൂർണമായും ഉൾപ്പെടുത്താൻ കൊല്ലം ജില്ലാ പ്രൻസിപ്പൽ കൃഷി ഓഫീസർ ഓച്ചിറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.ആർ.ബിനേഷിന് നിർദ്ദേശം നൽകി. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് ആലപ്പാട് ഗ്രാമപഞ്ചായത്തിന് അർഹമായ പരിഗണന നൽകിയില്ലെന്ന് കേരളകൗമുദിയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയാണ് ഗ്രാമപഞ്ചായത്തിന് തുണയായത്. വാർത്ത ശ്രദ്ധയിൽപ്പെട്ട പ്രൻസിപ്പൽ കൃഷി ഓഫീസർ ആലപ്പാടിനെ പദ്ധതിൽ ഉൾക്കൊള്ളിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി ആലപ്പാട്ട് മാത്രം 50000 പച്ചക്കറി തൈകൾ കൃഷി വകുപ്പിൽ നിന്ന് നൽകാൻ തീരുമാനിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് തൈകൾ നൽകുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.