കരുനാഗപ്പള്ളി: രാജ്യത്തെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. പറങ്കിമാംമൂട്ടിൽ പ്രവർത്തനമാരംഭിച്ച കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് കൗണ്ടറിന്റെ ഉദ്ഘാടനം സി.ആർ. മഹഷ് എം.എൽ.എ നിർവഹിച്ചു. പി.ആർ. വസന്തൻ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. കാർഷിക സഹായ വിതരണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും വിദ്യാ തരംഗിണി വായ്പാ വിതരണം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ആർ. രാമചന്ദ്രൻപിള്ളയും നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ ലോക്കർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ. മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി മുഖ്യപ്രഭാഷണം നടത്തി. സഹകരണ ജോയിന്റ് രജിസ്ട്രാർ ബി.എസ്. പ്രവീൺദാസ്, ജോയിന്റ് ഡയറക്ടർ മോഹനൻ പോറ്റി എന്നിവർ ചേർന്ന് കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ വീണാ വിജയൻ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി ടി. സുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. സലിം മണ്ണേൽ, ആർ. ഗോപി, അലക്സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.