കരുനാഗപ്പള്ളി: പാതയോരത്ത് തടസമായി നിൽക്കുന്ന ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്നതിലെ കെ.എസ്.ഇ.ബിയുടെ അനാസ്ഥമൂലം റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചു. കരുനാഗപ്പള്ളി നഗരസഭ പതിനാറാം ഡിവിഷനിലെ കയർ കമ്പനി ജംഗ്ഷൻ - ഓവർബ്രിഡ്ജ് റോഡിന്റെ നിർമ്മാണമാണ് ഒരു മാസമായി മുടങ്ങിക്കിടക്കുന്നത്. ഫെൻസിംഗ് മാറ്റിസ്ഥാപിക്കുന്നതിനായി വൈദ്യുതി ബോർഡ് നിശ്ചയിച്ച 12,000 രൂപ നഗരസഭ അടച്ചിട്ട് മൂന്ന് മാസം പിന്നിടുമ്പോഴാണ് ഈ അനങ്ങാപ്പാറ നയമെന്നതും ശ്രദ്ധേയമാണ്.
മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ചാണ് കരുനാഗപ്പള്ളി നഗരസഭ നാലുമാസം മുമ്പ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. റോഡിന്റെ വശങ്ങളിലുള്ള ഓടയുടെ നിർമ്മാണം പൂർത്തിയായി. ക്വോറി വിരിച്ച് മെറ്റൽ വിതറി റോഡ് ഉയർത്തിക്കഴിഞ്ഞെങ്കിലും ട്രാൻസ്ഫോമർ ഫെൻസിംഗ് മാറ്റാത്തതിനാൽ ടാറിംഗ് മുടങ്ങി.
അതേസമയം, ഫെൻസിംഗ് മാത്രമായി മാറ്റിസ്ഥാപിച്ചാൽ നിലവിലെ പ്രതിസന്ധി ഒഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ടാറിംഗ് പൂർത്തിയാകുന്നതോടെ ട്രാൻസ്ഫോമർ റോഡിന് തൊട്ടടുത്താകും. ഈ സാഹചര്യത്തിൽ ട്രാൻസ്ഫോർമർ തന്നെ മാറ്റി സ്ഥാപിച്ചാൽ മാത്രമേ സുഗമമായി യാത്ര ചെയ്യാൻ കഴിയൂവെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രയോജനകരമായ റോഡ്
ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾക്ക് കരുനാഗപ്പള്ളി ടൗണിൽ പ്രവേശിക്കാതെ കന്നേറ്റി പാലത്തിന് സമീപമെത്തി ദേശീയപാതയിൽ പ്രവേശിക്കാൻ കഴിയും വിധമാണ് കയർ കമ്പനി ജംഗ്ഷൻ - ഓവർബ്രിഡ്ജ് റോഡിന്റെ നിർമ്മാണം. ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന കന്നേറ്റി ശ്രീനാരായണ പവലിയനിൽ എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണിത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ധാരാളം കുടുംബങ്ങൾക്ക് സൗകര്യപ്രദമായ യാത്രാമാർഗം കൂടിയാകും.