കൊല്ലം: ഒരു വയസുകാരി നക്ഷത്രയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല. വാവിട്ട് നിലവിളിക്കുന്ന നക്ഷത്രക്കുട്ടിയെ ഉറക്കാൻ അച്ഛൻ സുജിത്തും അമ്മ വീണയും ചേർന്ന് ശരീരത്താകെ തടവും. ആറ്റുനോറ്റ് കിട്ടിയ കൺമണിയുടെ കണ്ണീർ കണ്ട് അച്ഛനും അമ്മയും വിതുമ്പിത്തളരുമ്പോഴേക്കും നക്ഷത്ര ചെറുതായൊന്നു മയങ്ങും. അല്പം കഴിയുമ്പോൾ വീണ്ടും ഉണർന്ന് കരച്ചിൽ തുടങ്ങും.
കരളിന്റെ പ്രവർത്തനം ക്രമേണ നിലയ്ക്കുന്ന ബിലേറിയ അൾട്രീഷ്യ എന്ന രോഗമാണ് നക്ഷത്രയ്ക്ക്. സമയപ്രായക്കാരായ മറ്റ് കുട്ടികളൊക്കെ പിച്ചവച്ച് നടക്കും. പക്ഷെ വയർ പെരുവി നിൽക്കുന്നതിനാൽ ആരെങ്കിലും കൈയിൽ പിടിക്കാതെ നക്ഷത്ര പിച്ചവയ്ക്കില്ല. ബിലിറൂബിന്റെ അളവ് കൂടുതലായതിനാൽ കണ്ണിലാകെ മഞ്ഞ നിറമാണ്. ശരീരമാകെ ചൊറിച്ചിലുമുണ്ട്. ഭക്ഷണവും കാര്യമായി കഴിക്കില്ല. കഴിക്കുന്നത് ഇടയ്ക്ക് ഛർദ്ദിക്കുകയും ചെയ്യും. നാല് മാസം പ്രായമുള്ളപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മരുന്ന് കഴിക്കുമ്പോൾ ഭേദമാകുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ സ്ഥിതി കൂടുതൽ ദയനീയമായി. കരൾ മാറ്റിവയ്ക്കാതെ ഇനി നിവൃത്തിയില്ല. കരൾ പങ്കിടാൻ അച്ഛൻ സുജിത്തും അച്ഛമ്മ ബിന്ദുവും തയ്യാറാണ്. പക്ഷേ അതിനുള്ള പണമില്ല.
എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. കരൾ മാറ്റിവയ്ക്കാനും ഒരുമാസത്തെ തുടർ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപ വേണം. ഇപ്പോൾ ഏഴ് ലക്ഷം രൂപ പലരായി സഹായിച്ചു. ബാക്കി തുകയ്ക്കായി നക്ഷത്രയുടെ അച്ഛനും അമ്മയും സുമനസുകളുടെ കരുണ തേടുകയാണ്. പ്രവാസിയായ സുജിത്ത് മകളുടെ ചികിത്സയ്ക്കായി നാട്ടിൽ മടങ്ങിയെത്തിയതാണ്. കൊവിഡ് കാരണം തിരിച്ചുപോകാനും കഴിയുന്നില്ല. സുഹൃത്തുക്കളുടെ വർക്ക്ഷോപ്പുകളിൽ മാറിമാറി ജോലി ചെയ്യും. പക്ഷെ നക്ഷത്രയുടെ ആരോഗ്യസ്ഥിതി മോശമാകുമ്പോഴെല്ലാം ആശുപത്രിയിൽ പോകേണ്ടിവരുന്നതിനാൽ എല്ലാ ദിവസവും ജോലിക്ക് പോകാനും കഴിയുന്നില്ല. കരൾ മാറ്രിവയ്ക്കാൻ ഇനിയും വൈകിയാൽ നക്ഷത്രയുടെ ജീവൻ അപകടത്തിലാകും. സുമനസുകൾ ചെറിയ സഹായം അതിവേഗം നൽകിയാൽ കുഞ്ഞുനക്ഷത്രയുടെ കവിളിൽ ചിരി വിടരും. പെരിനാട് കോട്ടയ്ക്കകം ശ്രീശൈലമാണ് നക്ഷത്രയുടെ വീട്.
സഹായങ്ങൾ സ്വീകരിക്കാൻ സുജിത്തിന്റെ പേരിൽ ആനന്ദവല്ലീശ്വരത്തെ കാനറ ബാങ്ക് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0815101908468, ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി0000815. ഫോൺ: 9961649148, 6238221737.