കൊല്ലം: കൊല്ലം ആസ്ഥാനമായുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ശ്രീനാരായണഗുരു പഠനം അടക്കം 21 ബിരുദ കോഴ്സുകളും ഒൻപത് ബിരുദാനന്തര കോഴ്സുകളും ഈ വർഷം ആരംഭിക്കും. കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം വാങ്ങുന്നതിനുള്ള പ്രവർത്തന ചെലവുകൾക്ക് അഞ്ചുലക്ഷം രൂപ ഇന്നലെ അവതരിപ്പിച്ച സർവകലാശാലയുടെ പ്രഥമ ബഡ്‌ജറ്റിൽ നീക്കിവച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ആറുമാസത്തെ സർട്ടിഫിക്കറ്ര് കോഴ്സ്, സേഫ്ടി മാനേജ്മെന്റ്, ചലച്ചിത്ര നിർമ്മാണം എന്നിവയിൽ ഡിപ്ലോമ, ചലച്ചിത്ര ആസ്വാദനത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയും തുടങ്ങും. 212 അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ 15 കോടി വകയിരുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന സർവകലാശാലയുടെ പഠന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ 1.94 കോടിയും ഇവയുടെ ഏകോപനത്തിന് നാല് റീജിണൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ 60 ലക്ഷം രൂപയും നീക്കിവച്ചു.
ഓൺലൈൻ പഠന സാമഗ്രികൾ തയ്യാറാക്കാൻ വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷൻ യൂണിറ്റ് - 1 കോടി,
കമ്പ്യൂട്ടർ സെന്റർ - 40 ലക്ഷം, ഗുരുദേവ കൃതികളടക്കമുള്ള ലൈബ്രറി - 75 ലക്ഷം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് - 25 ലക്ഷം, കലോത്സവം- 8 ലക്ഷം, സ്പോർട്സ് മീറ്റ് - 4 ലക്ഷം,
അക്കാദമിക് കെട്ടിട നവീകരണം - 50 ലക്ഷം, കമ്പ്യൂട്ടർവത്കരണം - 20 ലക്ഷം, സ്വന്തം ആസ്ഥാനത്തിന് പ്ലാൻ തയ്യാറാക്കാൻ - 50 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി.
64.53 കോടി വരവും 79.81 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്രാണ് സിൻഡിക്കേറ്റ് അംഗമായ ബിജു.കെ. മാത്യു അവതരിപ്പിച്ചത്. പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ.എസ്.വി. സുധീർ, രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
വിദഗ്ദ്ധ സമിതിയെ നിയോഗിക്കും
ലോകത്തെ മറ്റ് സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകൾ ഇവിടെയും ആരംഭിക്കുന്നത് സംബന്ധിച്ച പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനം ഏകോപിപ്പിക്കാൻ അക്കാദമിക് മാനേജ്മെന്റ് സിസ്റ്റം എന്ന ആപ്ലിക്കേഷൻ സോഫ്ട് വെയർ വികസിപ്പിക്കും. പ്രമുഖരെ പങ്കെടുപ്പിച്ച് ഗുരുദേവന്റെ പേരിൽ ദേശീയ സെമിനാറും കൊല്ലത്തിന്റെ ചരിത്രവും പാരമ്പര്യവും സംബന്ധിച്ച ഗവേഷണവും സംഘടിപ്പിക്കും. നാക്ക് അക്രഡിറ്റേഷൻ നേടാനും ഗുണനിലവാരം നിലനിറുത്താനും ഒരു ഡയറക്ടറുടെ മേൽനോട്ടത്തിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെന്ററും ആരംഭിക്കും.