phot
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ ഏഴ് ഓപ്പറേഷൻ തിയേറ്ററുകളിൽ പണികൾ പൂർത്തിയായ തിയേറ്റർ

പുനലൂർ: ഗവ.ഹൈടെക് താലൂക്ക് ആശുപത്രിയിൽ തയ്യാറായ ഹൈടെക് സൗകര്യങ്ങളോടെയുള്ള 7 ഓപ്പറേഷൻ തീയേറ്ററുകൾ അടുത്ത ആഴ്ച നാടിന് സമർപ്പിക്കും. ആശുപത്രിക്ക് വേണ്ടി പത്ത് നിലയുള്ള കെട്ടിട സമുച്ചയം പണിയാൻ കിഫ്‌ബിയിൽ നിന്ന് 68 കോടി അനുവദിച്ചിരുന്നു. അതിൽ 5കോടി രൂപ ചെലവഴിച്ചാണ് ഓപ്പറേഷൻ തിയേറ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ 100ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓപ്പറേഷൻ തീയറ്ററുകളും നാടിന് സമർപ്പിക്കുന്നത്. പത്ത് നിലയുള്ള കെട്ടിട സമുച്ചയത്തിന്റെ 9-ാമത്തെ നിലയിലാണ് പുതിയ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കുന്നത്.

അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ

ഏഴ് ഓപ്പറേഷൻ തിയേറ്ററുകളിൽ ആറ് എണ്ണം മോഡ്യുലാർ ഓപ്പറേഷൻ തിയേറ്ററുകളാണ്. ഒരെണ്ണം എമർജൻസി തിയേറ്ററും . സെൻട്രൽ സർവേ സപ്ലൈ ഡിപ്പാർട്ട്മെന്റ് പോസ്റ്റ് ഓപ്പറേഷൻ, ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകൾ എന്നിവ ഇതിനൊപ്പം സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പുതിയ കെട്ടിടത്തിൽ ഓപ്പറേഷൻ തിയേറ്റ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം സ‌ർജറികൾ നിറുത്തി വയ്ക്കേണ്ടി വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ പോലും വെല്ലുന്ന തരത്തിലുളള കെട്ടിട സമുച്ചയവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ ഓപ്പറേഷൻ

തിയേറ്ററുകൾ

ഏഴ് ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തന ക്ഷമമാകുന്നതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ ഓപ്പറേഷൻ തിയേറ്ററുള്ള ആശുപത്രിയെന്ന ബഹുമതിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിക്ക് ലഭിക്കും. മുൻ മന്ത്രി കെ.കെ.ശൈലജ അഞ്ച് മാസം മുമ്പ് ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചിരുന്നു. തുടർന്ന് പഴയ ആശുപത്രി കെട്ടിടത്തിലെ നിരവധി വാർഡുകൾ സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ശേഷിച്ച നിലകളിലെ പ്രഥമിക ജോലികൾ പൂർത്തിയാക്കിയതിനൊപ്പമാണ് 7 ഓപ്പറേഷൻ തീയേറ്ററുകളും പ്രവർത്തന സജ്ജമാക്കുന്നത്.