പുനലൂർ: നഗരസഭ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടികൾ സ്വീകരിക്കാത്ത ഭരണ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ വാർഡുകളിൽ ദീപം തെളിച്ച് സമര സംഗമങ്ങൾ സംഘടിപ്പിച്ചു. പ്ലാച്ചേരി, കലുങ്കും മുകൾ, നെല്ലിപ്പള്ളി, കല്ലാർ, താമരപ്പള്ളി, പേപ്പർമിൽ ,അഷ്ടമംഗലം, കേളൻങ്കാവ് തുടങ്ങിയ നിരവധി വാർഡുകളിൽ മെഴുകുതിരിയും മറ്റും തെളിച്ചും ചില വാർഡുകളിലെ വൈദ്യുതി പോസ്റ്റിൽ പന്തം കെട്ടി വച്ചുമാണ് കൗൺസിലർമാരും നാട്ടുകാരും പ്രതിഷേധിച്ചത്. നേതാക്കളായ നെൽസൺ സെബാസ്റ്റ്യൻ, എബ്രഹാംജോർജ്ജ്, സി.വിജയകുമാർ, എ.എ.ബഷീർ, സുകുമാരൻ, സജി ജോർജ്ജ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സമരങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൗൺസിലർമാരായ ജി.ജയപ്രകാശ്, എൻ.സുന്ദേശൻ, സാബുഅലക്സ്, ജ്യോതി സന്തോഷ്,പൊടിയൻ പിള്ള, നിർമ്മല സത്യൻ,കെ.കനകമ്മ തുടങ്ങിയവർ ദീപം തെളിക്കൽ സമരത്തിന് നേതൃത്വം നൽകി.