കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ നവീകരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെ തീയേറ്റർ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. നവീകരണത്തിനായി 1.30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ നിർമ്മിതിയ്ക്കാണ് നവീകരണ ജോലികളുടെ കരാർ. മൂന്ന് മാസത്തെ സമയമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് നിർമ്മിതി ആവശ്യപ്പെട്ടിട്ടുള്ളത്. തീയേറ്ററിൽ നവീകരണ ജോലികൾ തുടങ്ങുന്നതിനാൽ രണ്ടാഴ്ചക്കാലത്തേക്ക് അടിയന്തര ശസ്ത്രക്രിയകൾക്ക് മാത്രമേ സംവിധാനം ഒരുക്കിയിട്ടുള്ളൂ. രണ്ടാഴ്ചയ്ക്കുള്ളിൽ ട്രോമാ കെയർ യൂണിറ്റിലെ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ തന്നെ ഈ തീയേറ്റർ പ്രവർത്തന സജ്ജമാണ്. തീയേറ്റർ നവീകരണം പൂർത്തിയായാൽ മേജർ ശസ്ത്രക്രിയകൾ നടത്താനുൾപ്പടെ കഴിയുമെന്ന് ആശുപതി സൂപ്രണ്ട് ഡോ. കെ.ആർ സുനിൽകുമാർ അറിയിച്ചു.
മിനി മെഡിക്കൽ കോളേജ് ആകും
താലൂക്ക് ആശുപത്രിയെ മിനി മെഡിക്കൽ കോളേജ് ആക്കുന്നതിനുള്ള ഹൈടെക് വികസന പദ്ധതികളും തുടങ്ങിയിട്ടുണ്ട്. കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര വേഗതയുണ്ടായില്ല. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് ഇപ്പോൾ തടസങ്ങൾ നീക്കിയിട്ടുണ്ട്.
അടിയന്തിര ശസ്ത്രക്രിയകൾക്ക് സംവിധാനം
താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ അടച്ചു. നവീകരണത്തിന്റെ ഭാഗമായിട്ടാണ് അടച്ചത്. മറ്റൊരു കെട്ടിടത്തിലേക്ക് താത്കാലിക സംവിധാനമുണ്ടാക്കി അടിയന്തര ശസ്ത്രക്രിയകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. തീയേറ്റർ നവീകരണത്തിന് മൂന്ന് മാസമെടുക്കുമെങ്കിലും ട്രോമാകെയർ യൂണിറ്റിലെ തീയേറ്റർ രണ്ടാഴ്ചയ്ക്കുള്ളിൽ തുറന്ന് പ്രവർത്തിപ്പിക്കാനാകും.
ഡോ.കെ.ആർ.സുനിൽകുമാർ(സൂപ്രണ്ട്)