ഇന്നലെ ഉച്ചയ്ക്ക് 2.30 വരെയുള്ള സ്ഥിതി നിലനിറുത്താൻ പിന്നാലെ കോടതി ഉത്തരവ്
കൊല്ലം: കുത്തകപാട്ടക്കരാർ വ്യവസ്ഥ ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൊല്ലം വൈ.എം.സി.എ ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഏറ്റെടുത്തു. കാവനാട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.എ (എൻ.എച്ച്) സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് ഹോസ്റ്റൽ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു. ഇതിനെതിരെ വൈ.എം.സി.എ ഹൈക്കോടതിയെ സമീപിച്ചതോടെ തൽസ്ഥിതി നിലനിറുത്താൻ കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 2.30വരെയുള്ള സ്ഥിതി തുടരാനാണ് വിധി. അതുകൊണ്ട് തന്നെ സ്പെഷ്യൽ തഹസിൽദാർ ഒാഫീസ് വൈ.എം.സി.എ കെട്ടിടത്തിൽ തുടരും. മറ്റ് ഭാഗങ്ങൾ ഉപയോഗിക്കാം. വൈ.എം.സി.എ പ്രവർത്തിക്കുന്ന 85 സെന്റ് ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉത്തരവിട്ടിരുന്നു. 24 മണിക്കൂറിനകം ഒഴിയണമെന്നായിരുന്നു ഉത്തരവ്. 1930, 34 വർഷങ്ങളിലാണ് ഈ സ്ഥലം വൈ.എം.സി.എക്ക് ലഭിച്ചത്. എന്നാൽ 1960ൽ ലാൻഡ് അസൈൻമെന്റ് ആക്ട് നിലവിൽ വന്നതോടെ കുത്തക പാട്ട നിയമം ഇല്ലാതായി. പക്ഷെ കൈവശമിരിക്കുന്ന ഭൂമി പതിച്ചുകിട്ടാനുള്ള നടപടി വൈ.എം.സി.എ സ്വീകരിച്ചില്ലെന്നാണ് സർക്കാർ നിലപാട്. 1985 മുതലുള്ള ആറ് കോടി രൂപ പാട്ടകുടിശികയുമുണ്ട്. തുടർന്ന് 2007ൽ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കൽ നിറുത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശിച്ച നടപടികൾ പൂർത്തിയായതോടെയാണ് തിരിച്ചുപിടിക്കാൻ വീണ്ടും ഉത്തരവിട്ടത്. സർക്കാർ അനുവദിച്ച 24 മണിക്കൂർ അവസാനിച്ചതോടെ ഇന്നലെ രാവിലെ 10ഒാടെ സബ് കളക്ടർ ചേതൻ മീണയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു. മുൻവശത്ത് സ്ഥാപിച്ചിരുന്ന വൈ.എം.സി.എ ബോർഡ് ഇളക്കിമാറ്റി. പുതിയ ഒാഫീസ് സ്ഥാപിച്ച് നടപടി പൂർത്തിയാക്കി. അസിസ്റ്റന്റ് കളക്ടർ അരുൺ.എസ്. നായർ, ഡെപ്യൂട്ടി കളക്ടർ എൽ.ആർ.ബി. ജയശ്രീ, കൊല്ലം തഹസിൽദാർ എസ്. ശശിധരൻ പിള്ള എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. ഏറ്റെടുക്കലിന് ശേഷം പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു.
''
ഒരാഴ്ച സമയം നൽകണമെന്ന വൈ.എം.സി.എ മാനേജ്മെന്റിന്റെ അപേക്ഷ സ്വീകരിക്കാതെയാണ് വെള്ളിയാഴ്ച രാവിലെ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്.
വർഗീസ് ജേക്കബ്, പ്രസിഡന്റ്,
വൈ.എം.സി.എ, കൊല്ലം