കൊട്ടാരക്കര: വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ടാകുമ്പോൾ വാളകത്തെ വില്ലേജ് ഓഫീസ് നാണക്കേടാവുകയാണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ തട്ടിക്കൂട്ട് സംവിധാനങ്ങളിൽ വീർപ്പുമുട്ടുകയാണ് വില്ലേജ് ഓഫീസ്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലുള്ളവർ ആശ്രയിക്കുന്ന ഏപ്പോഴും തിരക്കുള്ള വില്ലേജ് ഓഫീസിനാണ് ഈ ഗതികേട്. മൂന്ന് പതിറ്റാണ്ട് മുൻപ് പ്രദേശവാസി സൗജന്യമായി നൽകിയ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. അന്ന് വളരെ ചുരുങ്ങിയ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. മുറികളുടെ വലിപ്പം തീരെ കുറവാണ്. ഇതിലൊന്നിൽ വില്ലേജ് ഓഫീസറും മറ്റൊന്നിൽ മറ്റ് ജീവനക്കാരും ജോലി ചെയ്യുന്നു.
ജീവനിൽ ഭയന്ന് ജീവനക്കാർ
രേഖകൾ സൂക്ഷിക്കാൻ സുരക്ഷിതമായ സൗകര്യങ്ങളില്ല. മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയപ്പോൾ അതിന് മുകളിൽ ഷീറ്റുമേഞ്ഞിരുന്നു. എന്നാൽ അതും നശിച്ച് പഴയതിനേക്കാൾ ദുരിതമായി. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ജീവനിൽ ഭയന്നാണ് ജീവനക്കാർ ഓഫീസിലിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ബുദ്ധിമുട്ടുകയാണ്.
വില്ലേജ് ഓഫീസിന്റെ ദുരവസ്ഥ മാറ്റണം:
വാളകം വില്ലേജ് ഓഫീസിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണം. മതിയായ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിച്ച് ടൊയ്ലറ്റ് സംവിധാനങ്ങൾ ഉൾപ്പടെ ഒരുക്കണം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഇല്ലാത്ത സ്ഥിതിയാണ്. എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാകുമ്പോൾ വാളകത്തോട് അവഗണന വേണ്ട.
അലക്സ് മാമ്പുഴ (മണ്ഡലം പ്രസിഡന്റ്, കേരളകോൺഗ്രസ്(എം)