പുനലൂർ: കല്ലടയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിച്ച കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആയൂർ മർത്തോമ്മ കോളേജിലെ വിദ്യാർത്ഥിയായ കൊട്ടാരക്കര പുത്തൂർ തട്ടാരതുണ്ട് ഹൗസിൽ സാൻ ജോസിന്റെ (സാംജോ സജി, 22) മൃതദേഹമാണ് പുനലൂർ ഫയർഫോഴ്സും ഏരൂർ പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച സഹപാഠികളായ എട്ടുപേരുമൊത്ത് വാഹനങ്ങളിൽ ഉല്ലാസ യാത്രക്കെത്തിയതായിരുന്നു സംഘം. തുടർന്ന് സന്ധ്യയോടെ കല്ലടയാറ്റിലെ ഇടമൺ-34ന് സമീപത്തെ ആയിരനെല്ലൂർ കടവിൽ സാംജോ സജിയും മറ്റു മൂന്നുപേരും കുളിക്കാനിറങ്ങി. കുത്തൊഴുക്കിൽ അകപ്പെട്ട സാംജോയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഒഴുക്കിൽപ്പെട്ട സഹപാഠികൾ ആറ്റുവഞ്ചിയിൽ പടിച്ചാണ് രക്ഷപ്പെട്ടത്.
തുർന്ന് ഏരൂർ, തെന്മല പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. ഏരൂർ എസ്.ഐ സുബിലിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയർഫോഴ്സും ചേർന്ന് ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. യുവാവ് കുളിക്കാനിറങ്ങിയ സ്ഥലത്തെ 300മീറ്റർ ദൂരത്ത് നിന്ന് മൃതദേഹം ഉച്ചയ്ക്ക് ഒന്നോടെ കണ്ടെത്തി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. മരിച്ച വിദ്യാർത്ഥിയുടെ പിതാവ് സജി.