പത്തനാപുരം : കെ.ബി .ഗണേശ് കുമാർ എം.എൽ .എയുടെ ഓഫീസിൽ ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ആവണീശ്വരം പുളിക്കമല മണിഭവനിൽ രതീഷ്‌കുമാറാണ് പിടിയിലായത്. പത്തനാപുരം അത്തലവടക്കേതിൽ ബിജുവിന് ആക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം.
അപരിചിതനായ ഒരാൾ പുലർച്ചെ ഓഫീസ് പ്രവർത്തിക്കുന്ന വീടിന്റെ മുറ്റത്ത് എത്തി. ശബ്ദം കേട്ട് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരൻ റിയാദ് പുറത്തിറങ്ങി കാര്യം അന്വേഷിച്ചു. മഴയായതിനാൽ കയറിയതാണെന്നും ഉടൻ തന്നെ പൊയ്‌ക്കോളാമെന്നും പറഞ്ഞയാൾ രാവിലെ ആറ് മണിയോടെ ഓഫീസ് തുറന്നിറങ്ങിയപ്പോഴും പുറത്ത് നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്യാൻ ശ്രമിക്കവെ കൈയിൽ ഉണ്ടായിരുന്ന പ്ലയർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ആക്രമി വീടിന്റെ ടെറസിന് മുകളിൽ കയറി. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഗേറ്റ് ബന്ധിച്ച ശേഷമാണ് ആക്രമി ഉള്ളിൽ പ്രവേശിച്ചിരുന്നത്. ഇതുകാരണം എറെ നേരം ശ്രമിച്ചിട്ടാണ് പുറത്ത് നിന്നെത്തിയവർക്ക് വീടിനുള്ളിൽ പ്രവേശിക്കാനായത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങളും പൊലീസും ചേർന്ന് ആക്രമിയെ കീഴ്‌പ്പെടുത്തി. പ്രതിയെ പത്തനാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.