പുനലൂർ: പുനലൂർ-തെങ്കാശി റെയിൽ റൂട്ടിൽ സർവീസ് നിറുത്തി വച്ചിരിക്കുന്ന പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാൻ സ്ഥലം എം.പി.ഇടപെടുന്നില്ലെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ആരോപിച്ചു. കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ ഏഴ് പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ഇടത് പക്ഷ കൗൺസിലർമാർ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻ എം.എ.രാജഗോപാൽ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ജോബോയ് പേരെര, എ.ആർ.കുഞ്ഞുമൻ, ജെ.ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.