കൊല്ലം :ആൾ കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരാറുകാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. കരാർ ലൈസൻസ് പുതുക്കുന്നതിനുള്ള സമയപരിധി 2021 ഡിസംബർ വരെ നീട്ടണം, കരാറുകാർക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കി നൽകണം, 2017 ജൂലായ് മുതൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന വാറ്റ് കണക്കാക്കി നഷ്ടപരിഹാരം നൽകുക, കുടിശിക ബില്ലുകൾ എത്രയും വേഗം നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പുണർതം പ്രദീപിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ജില്ലാ പ്രസിഡന്റ് അജിത്ത് പ്രസാദ് ജയൻ, കൊട്ടാരക്കര താലൂക്ക് സെക്രട്ടറി എസ്. രാജു, വർക്കിംഗ് പ്രസിഡന്റ് റജിജോൺ, പ്രസിഡന്റ് കെ.എസ്. ചന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു.