v
കൊല്ലം ചിന്നക്കടയിലെ ഹൈമാസ്റ്റ് ലൈറ്റ്

കൊല്ലം: ഒന്നര വർഷത്തിൽ അധികമായി അണഞ്ഞു കിടന്ന ചിന്നക്കട റൗണ്ടിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചുതുടങ്ങി. ഇവിടെ നേരത്തേയുണ്ടായിരുന്ന സോഡിയം വേപ്പർ ലാമ്പുകൾക്കുപകരം എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. നേരത്തേ 24 സോഡിയം വേപ്പർ ലാമ്പുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇവ ഓരോന്നായി കേടായതിനെ തുടർന്നാണ് ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ള പ്രകാശം കുറ‌ഞ്ഞത്. ഒന്നരവർഷം മുൻപാണ് എല്ലാ ലൈറ്റുകളും മിഴിയടച്ചത്. കഴിഞ്ഞ ദിവസം 350 വാട്സ് വീതമുള്ള 8 എൽ.ഇ.ഡി ലൈറ്റുകളാണ് പുതുതായി സ്ഥാപിച്ചത്. ഇവയ്ക്ക് ചെലവായ തുക ഒരു വർഷത്തിനുള്ളിൽ വൈദ്യുതി ചാർജിനത്തിൽ ലാഭിക്കാം.

എല്ലാ ഹൈമാസ്റ്റുകളും എൽ.ഇ.ഡിയാക്കും

നഗരത്തിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പല ഹൈമാസ്റ്റ് ലൈറ്റുകളിലും സോഡിയം വേപ്പർ ലാമ്പുകളും മെറ്രൽ ഹാലജൻ ലാമ്പുകളാണ്. ഇതിൽ 15 ഹൈമാസ്റ്റുകളിൽ കൂടി വൈകാതെ എൽ.ഇ.ഡി ലൈറ്റുകളിടും. ഇതിന് പുറമേ ചിന്നക്കട മേല്പാലം, ചെമ്മാംമുക്ക് റെയിൽവേ മേല്പാലം എന്നിവിടങ്ങളിൽ നിലവിലുള്ള തെരുവ് വിളക്കുകൾ പൂർണമായും നീക്കംചെയ്ത് പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും.

ഓട്ടോമാറ്റിക് സംവിധാനം

വൈകാതെ തന്നെ വൈകിട്ട് ആറ് മണിക്ക് തനിയെ കത്തി രാവിലെ ആറ് മണിയാകുമ്പോൾ അണയുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തും. പള്ളിമുക്ക് മീറ്റർ കമ്പനി വഴി നിർമ്മാണ കമ്പനിയിൽ നിന്ന് നേരിട്ടാണ് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങിയത്.

350 വാട്സ് വീതമുള്ള 8 എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്