കൊല്ലം: പലഹാരങ്ങളുമായി വൈകിട്ട് വരാമെന്ന് ഉറപ്പുനൽകി പോയ അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടതോടെ അഭിനവും (6) മഹിയും (2) പൊട്ടിക്കരച്ചിലായി. കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ പെടാപ്പാടുപെടുകയായിരുന്നു ബന്ധുക്കൾ. പെരുമ്പുഴ കുരീപ്പള്ളി തൈക്കാവുമുക്ക് പണയിൽ വീട്ടിലേക്ക് മനോജിന്റെ (32) മൃതദേഹം കൊണ്ടുവന്നപ്പോഴായിരുന്നു കുഞ്ഞുമക്കളുടെ സങ്കടക്കരച്ചിൽ. മരണം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല മഹിക്ക്. എന്നിട്ടും അവനെന്തൊക്കെയോ മനസിലാക്കിയിരുന്നു. മരണവാർത്തയറിഞ്ഞത് മുതൽ മനോജിന്റെ ഭാര്യ അജിത അർദ്ധബോധാവസ്ഥയിലാണ്. കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. കഷ്ടിച്ച് ഒരു മണിക്കൂർ പോലും പൊതുദർശനത്തിന് വയ്ക്കാതെ മനോജിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. അപ്പോഴേക്കും വിതുമ്പി നിന്നവരും തേങ്ങിക്കരഞ്ഞുപോയി.