ചാത്തന്നൂർ: ഓമ്നി വാൻ താഴ്ചയിലേയ്ക്ക് മറിഞ്ഞ് വൃദ്ധൻ മരിച്ചു. ചാത്തന്നൂർ താഴംതെക്ക് പാണിയിൽ അജീഷ് മന്ദിരത്തിൽ തുളസീധരനാണ് (75) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ ചാത്തന്നൂർ വിളപ്പുറം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
പാണിയിൽ നിന്ന് വിളപ്പുറത്തേയ്ക്ക് വരവേ വിളപ്പുറം ക്ഷേത്രം ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്ന് രണ്ടുമീറ്ററോളം താഴ്ചയിൽ ക്ഷേത്രമൈതാനത്തേയ്ക്ക് മറിയുകയായിരുന്നു. വിളപ്പുറം എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് രാജീവിന്റെ നേതൃത്വത്തിൽ വാഹനം വെട്ടിപ്പൊളിച്ചാണ് തുളസീധരനെ പുറത്തെടുത്തത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: അജീഷ്, അനീഷ്. മരുമക്കൾ: പാർവതി, രാജി. മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചാത്തന്നൂർ പൊലീസ് കേസെടുത്തു.