ചാത്തന്നൂർ : കൊവിഡ് നിയന്ത്രണത്തിനുള്ള സർക്കാർ നിർദേശങ്ങൾ ലംഘിച്ച മത്സ്യമാർക്കറ്റിലെ വ്യാപാരികൾക്ക് പാരിപ്പള്ളി പൊലീസ് പിഴ ചുമത്തി. പ്ലാവിൻമൂട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാർക്കറ്റിലെ പത്തോളം മത്സ്യവ്യാപാരികൾക്കാണ് 2000 രൂപവീതം പിഴചുമത്തിയത്. കൊവിഡ് മാനദണ്ഡം പൂർണമായും ലംഘിച്ച് പ്രവർത്തിക്കുന്ന മാർക്കറ്റിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. മാർക്കറ്റിനുള്ളിലെയും പുറത്തെ പാതയോരത്തെയും ആൾക്കൂട്ടം നിയന്ത്രിക്കാൻ മാർക്കറ്റ് നടത്തിപ്പുകാർ ശ്രദ്ധിച്ചിരുന്നില്ലെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു.
ഇതേ സ്ഥലത്ത് എട്ടുപേരോളം ഒരു കാറിൽ യാത്ര ചെയ്ത സംഭവത്തിലും പൊലീസ് 2000 രൂപ പിഴ ചുമത്തി. വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രയാണെന്ന് കാറിലുള്ളവർ പറഞ്ഞെങ്കിലും വിവാഹം കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും സംഘത്തിൽ ഒരാളുടെ കൈവശവും വിവാഹക്ഷണക്കത്തുണ്ടായിരുന്നില്ലെന്നും പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബ്ബാർ പറഞ്ഞു. വരനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ കടത്തിവിട്ടു.