death

കുണ്ടറ: പെരുമ്പുഴയിൽ കിണർ കുഴിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം നാലുപേരുടെയും ചേതനയറ്റ ശരീരങ്ങൾ ആംബുലൻസുകളിൽ ജില്ലാ ആശുപത്രിയിൽ നിന്ന് ഒന്നിച്ച് കൊണ്ടുപോയത്.

കുണ്ടറ വെള്ളിമൺ ചിറക്കോണം വയലിൽതറ പുത്തൻവീട്ടിൽ സോമരാജൻ (56)​, പെരുമ്പുഴ കുരീപ്പള്ളി തൈക്കാവുമുക്ക് പണയിൽ വീട്ടിൽ മനോജ് (32), പെരുമ്പുഴ പുനക്കന്നൂർ പുന്നവിള വീട്ടിൽ രാജൻ (36), ചിറയടി മച്ചത്ത് തൊടിയിൽ വീട്ടിൽ ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകൻ ശിവപ്രസാദ് (വാവ, 25) എന്നിവരാണ് കോവിൽമുക്കിൽ അങ്കണവാടിക്ക് സമീപത്ത് സ്വകാര്യപുരയിടത്തിൽ കിണർ നിർമ്മിക്കുന്നതിനിടെ മരിച്ചത്.

ഒന്നിച്ച് ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്നവർ മരണത്തിലും ഒന്നിച്ചുപോയതിന്റെ ദുഃഖത്തിലായിരുന്നു നാടൊന്നാകെ. സോമരാജന്റെയും മനോജിന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിലും സ്വന്തമായി ഭൂമിയില്ലാത്ത ശിവപ്രസാദിന് സഹോദരിയുടെ വീട്ടുവളപ്പിലും രാജന് പുതുതായി ലൈഫ് പദ്ധതിയിൽ അനുവദിച്ച മൂന്ന് സെന്റ് ഭൂമിയിലുമാണ് പന്ത്രണ്ടരയോടെ ചിതയൊരുക്കിയത്.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവനടക്കം ജനപ്രതിനിധികളും നേതാക്കളും മരിച്ചവരുടെ ഭവനങ്ങൾ സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. അടിയന്തര സഹായമായി 25,000 രൂപ വീതം നാല് കുടുംബങ്ങൾക്ക് അനുവദിച്ചു.