photo
ഇത്തിക്കരയാറിൻ തീരത്തെ വെളിനല്ലൂർ ശ്രീരാമസ്വാമീക്ഷേത്രം

കൊല്ലം: രാമകഥാശീലുകളും പ്രാർത്ഥനാ മന്ത്രങ്ങളുമായി വെളിനല്ലൂർ ശ്രീരാമ സ്വാമീക്ഷേത്രമുണർന്നു. കൊവിഡിന്റെ ദുരിതങ്ങൾക്കിടയിലും ഭഗവത് സന്നിധിയിൽ മോക്ഷംതേടി ഭക്തജനങ്ങളെത്താൻ തുടങ്ങി. ഇത്തിക്കരയാറിന്റെ തീരത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമ ക്ഷേത്രം. മൂന്നുവശവും ഇത്തിക്കരയാറിന്റെ സാമീപ്യമുള്ള ക്ഷേത്രത്തിന് പ്രകൃതിയൊരുക്കിയ സൗന്ദര്യമാണ്. ശ്രീരാമന്റെ പാദസ്പർശമേറ്റ സ്ഥലമാണ് ഇവിടമെന്നാണ് വിശ്വാസം.

രാമകഥ പറയും ദേശങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പുരാതന ക്ഷേത്രമാണ് വെളിനല്ലൂരിലേത്. ചെമ്പുമേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്ഠ കിഴക്കോട്ട് ദർശനത്തിലുള്ള ശ്രീരാമനാണ്. ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനവുമായി ലക്ഷ്മണനുമുണ്ട്. ക്ഷേത്രത്തിന് മാത്രമല്ല, സമീപ ദേശങ്ങൾക്കും രാമകഥയുമായി ബന്ധമുണ്ട്. സുഗ്രീവൻ വീണസ്ഥലമായ ഉഗ്രൻകുന്നും, ബാലി താമസിച്ച ബാലിയാൻകുന്നും ജ‌ടായുവുമായി പോര് നടന്ന പോരേടവും ജടായു ചിറകറ്റുവീണ ജടായുമംഗലം എന്ന ചടയമംഗലവുമൊക്കെയാണ് ഈ സമീപദേശങ്ങൾ. ശ്രീരാമൻ വനവാസ കാലത്ത് സീതയെ അന്വേഷിച്ചു വരുമ്പോൾ വെളിനല്ലൂരിലെ ഉഗ്രൻകുന്നിൽ വന്ന് സുഗ്രീവനെ കണ്ടിരുന്നു. ബാലിയെ ഭയന്നുകഴിയുന്ന സുഗ്രീവന് ബാലിയിൽ നിന്ന് രക്ഷനൽകാമെന്ന് ശ്രീരാമൻ ഉറപ്പ് നൽകുന്നതിവിടെയാണത്രെ. മലംചുഴിയിൽ നിൽക്കുന്ന സപ്തസാലങ്ങളും ഒരു അമ്പുകൊണ്ട് എയ്തുവീഴ്ത്തുവാൻ കഴിയുമെങ്കിൽ ബാലിയെ വധിക്കാനും കഴിയുമെന്ന് പറയുന്ന ഭാഗവും ഇവിടെയാണ്. ജലത്തിൽ വളയമിട്ടുകിടക്കുന്ന ഒരു സർപ്പത്തിന്റെ പുറത്താണ് ഏഴുസാലങ്ങൾ നിൽക്കുന്നതെന്ന് അറിയാമായിരുന്ന ശ്രീരാമൻ ഒരു അമ്പുകൊണ്ട് സർപ്പത്തെ കുത്തുകയും സർപ്പം നീണ്ടുനിവരുകയും സപ്തസാലങ്ങൾ വരിയായി നിവർന്നുവരികയും ചെയ്തുവെന്നാണ് കഥാ സന്ദർഭം. ഏഴ് മരങ്ങളും ഒരു വരിയിലായതോടെ ശ്രീരാമൻ അമ്പ് എയ്ത് ഏഴ് സാലങ്ങളെ മറികടക്കുന്നു. ഈ സ്ഥലമാണ് വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിന് മുന്നിൽ ഇന്നുകാണുന്ന മലംചുഴി. ഇത്തിക്കരയാറിന്റെ ഏറ്റവും ആഴമേറിയ ഭാഗമാണിവിടം.

മതമൈത്രിയുടെ പ്രതീകം

ശ്രീരാമ സാന്നിദ്ധ്യമറിഞ്ഞ പ്രദേശമെന്ന നിലയിലാണ് വെളിനല്ലൂരിന് വലിയ പ്രചാരം ലഭിച്ചത്. മതമൈത്രിയുടെ പ്രതീകം കൂടിയാണ് ക്ഷേത്രം. ഉത്സവ നാളുകളിൽ ഒരു ദിനത്തിൽ ക്ഷേത്ര പരിസരത്ത് മത്സ്യചന്തയും പ്രവർത്തിക്കും. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമാണിത്. മുസ്ളീം വിഭാഗത്തിൽപ്പെട്ടവരാണ് അന്ന് മത്സ്യവില്പനയ്ക്ക് ക്ഷേത്ര പരിസരത്തെത്തുക. പതിനായിരക്കണക്കിന് ഭക്തർ ഈ ദിവസങ്ങളിൽ ഇവിടെയെത്തി ക്ഷേത്ര ദർശനത്തിന് ശേഷം മത്സ്യം വാങ്ങി മടങ്ങാറുണ്ട്. ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇക്കുറി കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ രാമായണ പാരായണം, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ മാത്രമായി ചടങ്ങുകൾ ചുരുക്കിയിട്ടുണ്ട്.