rain
ശക്തമായ കാറ്റിലും മഴയിലും തകർന്ന ഇഞ്ചക്കാട് പനച്ചി വിള സുരേഷിൻ്റെ വീട്

കൊട്ടാരക്കര: കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇ‌ഞ്ചക്കാട് പട്ടികജാതി കോളനിയിൽ പനച്ചിവിള വീട്ടിൽ സുരേഷിന്റെ വീട് തകർന്നു. കൂലിപ്പണിക്കാരനായ സുരേഷിന്റെ വീട്ടിൽ മാതാവ് ,​ ഭാര്യ, മക്കൾ, സഹോദരി എന്നിവരുണ്ടായിരുന്നു. ശക്തമായ കാറ്റടിച്ചപ്പോൾ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ ഉണർന്നു. നിമിഷങ്ങൾക്കകം ഓടിട്ട വീടിന്റെ അടുക്കളയും വരാന്തയുമടക്കമുള്ള ഭാഗം നിലം പൊത്തി. വീട്ടിലുള്ളവർ സമീപമുള്ള തൊഴുത്തിൽ അഭയം തേടി. ഉദ്ദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു. റവന്യു അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.