പുനലൂർ: പുനലൂർ-മൂവാറ്റുപുഴ റോഡിൽ പുനലൂരിന് സമീപത്തെ മുക്കടവ് ആറ്റ് തീരത്ത് അയ്യപ്പഭക്തർക്ക് വിശ്രമ കേന്ദ്രവും കഫ്റ്റിരിയയും ഒരുക്കുമെന്ന് പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു. പുനലൂർ-കോന്നീ റീച്ചിന്റെ നിർമ്മാണ ജോലികൾ നേരിൽ കണ്ട് വിലയിരുത്താൻ മുക്കടവിൽ എത്തിയതായിരുന്നു അദ്ദേഹം. നിലവിൽ മുക്കടവ് ആറ്റ് തീരത്ത് ശബരിമല തീർത്ഥാടകർക്ക് കുളിക്കാൻ ചെറിയ സൗകര്യം ഒരുക്കിയിട്ടുണ്ട് .ഇത് വിപുലീകരിക്കച്ച ശേഷം ഇവർക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ വിശ്രമ കേന്ദ്രവും മറ്റും ഒരുക്കി നൽകണം. പുനലൂർ മുതൽ പൊൻകുന്നം വരെയുളള 82.75 കിലോമീറ്റർ ദൂരത്തെ മൂന്ന് റീച്ചുകളുടെ നിർമ്മാണ ജോലികൾ 2022 ഡിസംബർ മാസത്തോടെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മീൻ അറിയിച്ചു. പുനലൂർ ടി.വി. ജംഗ്ഷൻ മുതൽ മുക്കടവ് വരെയുളള നിർമ്മാണ ജോലികളാണ് എം.എൽ.എ നേരിൽ കണ്ട് വിലയിരുത്തിയത്. മുക്കടവ് ആറിന് മദ്ധ്യേ പാലം പണിയുന്ന സ്ഥലവും സന്ദർശിച്ചു. സന്ദർശത്തിന് മുന്നോടിയായി പുനലൂർ ഗവ.റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ,വസന്തരഞ്ചൻ, കൗൺസിലറൻമാരായ രജ്ഞിത്ത് രാധാകൃഷ്ണൻ,നിർമ്മല സത്യൻ, അസി.എക്സ്ക്യൂട്ടീവ് എൻജിനീയർ ദീപ, പ്രോജക്റ്റ് എൻജിനീയർമാരായ ജോൺ, സൂരജ്,അശോകൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് തുടങ്ങിയവരും നിർമ്മാണ ജോലികൾ വിലയിരുത്താൻ എത്തിയിരുന്നു.