കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഉപയോഗിച്ച് കോൺട്രാക്ടർമാർ പണി പൂർത്തീകരിച്ച ബില്ലുകൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ ചീഫ് എൻജിനിയറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന ട്രഷറർ ജി. തൃദീപ് പറഞ്ഞു.
അസോ. കരുനാഗപ്പള്ളി താലൂക്ക് എക്സി. യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആയിരത്തിലധികം ബില്ലുകളാണ് (300 കോടി രൂപയോളം) കെട്ടിക്കിടക്കുന്നത്. 2021 മാർച്ച് 27ന് ശേഷമുള്ള ഒറ്റ ബില്ലിനും പേയ്മെന്റ് നടന്നിട്ടില്ല. എം.എൽൽഎ എ.ഡി.എസ് ബില്ലുകളും ഫണ്ടില്ലാത്തതിന്റെ പേരിൽ ആറുമാസമായി കെട്ടിക്കിടക്കുന്നു. ഇത് ഏകദേശം 600 കോടിയോളം വരും. പൊതുമരാമത്ത് വകുപ്പിൽ ഓൺലൈനിൽ ബില്ലുകൾ സബ്മിറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കമ്പി, സിമന്റ്, ആണി തുടങ്ങിയവയ്ക്ക് തൊട്ടടുത്ത സംസ്ഥാനത്തേക്കാൾ 40 ശതമാനത്തിലധികം വിലവർദ്ധനവാണ് കേരളത്തിൽ. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ഏവ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദം സമർപ്പിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും എത്രയും വേഗം സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി ദിലീപ്കുമാർ, ട്രഷറർ ഹരി, താലൂക്ക് പ്രസിഡന്റ് സലിം ചെക്കാലവിള, സെക്രട്ടറി പ്രഹ്ളാദൻ, ട്രഷറർ പ്രസന്നൻ, ഗോപി, മോഹനൻ, കെ.കെ. രവി, അനിൽകുമാർ ചവറ, ഷിബി വലിയത്ത് തുടങ്ങിയവർ സംസാരിച്ചു.