കൊല്ലം: കുത്തക പാട്ടക്കരാർ വ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച് ചിന്നക്കടയിൽ വൈ.എം.സി.എ കെട്ടിടവും സ്ഥലവും റവന്യൂ വകുപ്പ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ.എം.എസ് മിഷനറിയായിരുന്ന സാമുവൽ മെറ്റിറിന്റെ നേതൃത്വത്തിൽ 1881 മുതൽ കൊല്ലത്ത് വൈ.എം.സി.എ പ്രവർത്തനം ആരംഭിക്കുകയും 1930ൽ 99 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ മൂലം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് വസ്തു നൽകുകയുമായിരുന്നു.
കോടതി ഉത്തരവിന് വിരുദ്ധമായിട്ടാണ് പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തതെന്നാണ് വൈ.എം.സി.എയുടെ ആരോപണം. ഓർത്തോഡോക്സ് സഭ കൊല്ലം ബിഷപ്പ് സക്കറിയ മാർ അന്തോണിയോസ്, കത്തോലിക്ക സഭ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, സി.എസ്.ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, വികാർ ജനറൽ വിൻസന്റ് മെച്ചാഡോ, ഫാ. ഡേവിഡ് ഹാബേൽ, ഫാ. തോമസ് ചെറിയാൻ, ഫാ. എബി കെ. ജോഷ്വാ, വൈ.എം.സി.എ സംസ്ഥാന ചെയർമാൻ ജോസ് ഉമ്മൻ, ജില്ലാ പ്രസിഡന്റ് വർക്കി ജേക്കബ്, സെക്രട്ടറി സാംസൺ മാത്യു എന്നിവർ സമരത്തിൽ പങ്കെടുത്തു.