kerala-pravasi-photo
കൊവിഡ് മൂലം നാട്ടിലെത്തിയിട്ട് തിരികെ പോകാൻ കഴിയാത്ത കേരളത്തിലെ പ്രവാസികളെ കേന്ദ്ര സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ ധർണ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് മൂലം നാട്ടിലെത്തിയിട്ട് തിരികെ പോകാൻ കഴിയാത്ത കേരളത്തിലെ പ്രവാസികളെ കേന്ദ്ര സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ ധർണ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. വിദേശരാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും കൊവാക്സിന് ലഭ്യമാകാത്ത അന്തർദേശീയ അംഗീകാരവുമാണ് യാത്രാവിലക്കിന്റെ പ്രധാന കാരണം. ഇതുമൂലം വിസാകാലാവധി തീർന്നതും തീരാറായതുമായ ലക്ഷക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലാണ്. നിരവധി തവണ കേന്ദ്ര ഗവൺമെന്റിന് നിവേദനങ്ങൾ കൊടുത്തിട്ടും പരിഹാരമാകാത്തതിനാൽ കേരളാ പ്രവാസി സംഘം കേരളത്തിലുടെനീളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചിന്നക്കടയിലും സമരം നടത്തിയത്. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ എം. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി നിസാർ അമ്പലം കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം അജയകുമാർ, കൊല്ലം ഏരിയാ സെക്രട്ടറി രാജു രാഘവൻ എന്നിവർ സംസാരിച്ചു.