വിദ്യാർത്ഥികളുടെ ആവശ്യം ശക്തമാവുന്നു
ചാത്തന്നൂർ : കല്ലുവാതുക്കൽ ഗവ. പഞ്ചായത്ത് ഹൈസ്കൂളിൽ ഹയർസെക്കൻഡറി കോഴ്സുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പാരിപ്പള്ളിയിലോ ചാത്തന്നൂരോ പോകേണ്ട അവസ്ഥയാണ്. 1959ൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്. 2013ൽ സംസ്ഥാന ഗവണമെന്റ് ഏറ്റെടുത്തതോടെ ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലെ ഏകസർക്കാർ ഹൈസ്കൂൾ കൂടിയാണിത്.
തകർച്ചയുടെ വക്കിലെത്തിയ സ്കൂളിൽ 8, 9, 10 ക്ലാസുകളിലായി 100ൽ താഴെ കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്. നൂറിൽ അധികം അദ്ധ്യാപകരും ആയിരത്തിലേറെ വിദ്യാർത്ഥികളുമുണ്ടായിരുന്ന സ്കൂളാണിത്.
ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച ജില്ലാകബഡി ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്. കബഡി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചാൽത്തന്നെ ഒരു പരിധിവരെ ഈ സ്കൂളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാം.
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കോഴ്സുകളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെക്കൂടി ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.
ശ്രീകുമാർ പാരിപ്പള്ളി,
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനായി പൂർവവിദ്യാർത്ഥികളും ജനപ്രതിനിധികളും അക്ഷരസ്നേഹികളും മുന്നിട്ടിറങ്ങണം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയംനേടിയ സ്കൂളാണിത്.
എസ്. പ്രസേനൻ,
സെക്രട്ടറി, സംസ്കാര, പാരിപ്പള്ളി