കൊല്ലം : ഐസ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനിടെ അമോണിയം വാതക ചോർച്ച. ശക്തികുളങ്ങര കാവനാട് മുക്കാട് സ്ഥിതി ചെയ്യുന്ന ഐസ് പ്ലാന്റ് യൂണിറ്റിലാണ് ഇന്നലെ രാത്രി 8 മണിയോടെ അമോണിയം ചോർച്ചയുണ്ടായത്. ട്രോളിംഗ് നിരോധനം ആയതിനാൽ ഐസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല. ഇന്നലെ പ്ലാന്റിലെത്തിയ ജീവനക്കാർ യൂണിറ്റിന്റെ മെയിന്റനൻസ് ജോലികൾ ചെയ്തശേഷം ട്രയൽ നടത്തുന്നതിനായി പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനിടെയാണ് വാതക ചോർച്ചയുണ്ടായത്. ഉടൻ തന്നെ ജീവനക്കാർ വാൽവ് ക്ലോസ് ചെയ്തശേഷം ചോർച്ച അടച്ചതിനാൽ അപകടമുണ്ടായില്ല. ശക്തികുളങ്ങര പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാമക്കടയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ പി. ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പ്ലാന്റിലെത്തി പരിശോധന നടത്തി.