photo
തൊടിയൂർ നോർത്ത് ലക്ഷംവീട്ടിൽ രാധക്ക് കോൺഗ്രസ്സ് പ്രവർത്തകർ നിർമ്മിച്ച വീടിന്റെ തോക്കാൽ കെ.സി.വേണുഗോപാൽ എം.പി രാധക്ക് കൈമാറുന്നു.

കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ലക്ഷം വീട്ടിൽ താമസിക്കുന്ന രാധയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. സി.ആർ.മഹേഷ് എം.എൽ.എ തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എ.ഷഹനാസ് എന്നിവരുടെ മേൽനോട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ നാട്ടിൽ നിന്ന് സമാഹരിച്ച പണം ഉപയോഗിച്ചാണ് രാധയ്ക്ക് വീട് നിർമ്മിച്ച് നൽകിയത്. രണ്ട് മുറികളുടെ അടുക്കളയും ബാത്ത് റൂമും സിറ്റൗട്ടും ഉൾക്കൊള്ളുന്ന വീടിന് 8 ലക്ഷം രൂപയോളം ചെലവായതായി നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 2018 ലെ പ്രളയത്തിൽ രാധയുടെ വീട് പൂർണമായും തക‌ർന്നതോടെ കയറിക്കിടക്കാൻ ഇടമില്ലാതെ രാധ ബന്ധു വീടുകളിൽ മാറി മാറി താമസിച്ചു. ഇതേ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ രാധക്ക് വീട് നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനവുമായി രംഗത്ത് വന്നത്. രണ്ട് വർഷത്തെ ശ്രമഫലമായാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പുതിയ വീടിന്റെ മുറ്റത്ത് നടന്ന ചടങ്ങിൽ വെച്ച് കെ.സി.വേണുഗോപാൽ.എം.പി വീടിന്റെ താക്കോൽ രാധക്ക് കൈമാറി. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എ.ഷഹനാസ് അദ്ധ്യക്ഷതത വഹിച്ചു. കെ.സി.രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, കെ.ജി.രവി, എം.അൻസർ, എൽ.കെ.ശ്രീദേവി, എൻ.അജയകുമാർ ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ് എന്നിവർ പ്രസംഗിച്ചു.ഷിബു.എസ്. തൊടിയൂർ സ്വാഗതവും രാധാ പ്ലക്കാട്ട് നന്ദിയും പറഞ്ഞു.