klm-2
അബിയേൽ പ്രിൻസിപ്പൽ ശ്രീരേഖാ പ്രസാദിന് കുടുക്ക കൈമാറുന്നു

കൊല്ലം: പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസുകാരൻ അബിയേൽ ജി. ബിജു ഒരു കുടുക്കയുമായി കഴിഞ്ഞ ദിവസം പ്രിൻസിപ്പലിന് മുന്നിലെത്തി. പൊട്ടിച്ചപ്പോൾ നിറയെ നോട്ടുകളും ചില്ലറ തുട്ടുകളും. '' ടീച്ചറേ ഈ പൈസ കൊണ്ട് ആ പാവപ്പെട്ട ചേട്ടന്മാർക്ക് വീടുവച്ച് നൽകണം.'' ഇത്രയും പൈസ കൊണ്ട് വീടുവയ്ക്കാൻ പറ്റുമോയെന്ന് ടീച്ചറുടെ മറുചോദ്യം. അപ്പോൾ അവൻ നിഷ്കളങ്കമായി പറഞ്ഞു. ''പറ്റും. ഇതെന്റെ അച്ഛന്റെ സ്നേഹമാണ്.''

തകരഷീറ്റ് കൊണ്ടുണ്ടാക്കിയ കൂരയിൽ പാർക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് വീടുവച്ച് നൽകുന്ന സിദ്ധാർത്ഥയുടെ സ്നേഹക്കടലിലെ ജലത്തുള്ളിയായി മാറുകയായിരുന്നു അബിയേൽ. ഒത്തിരി സ്വപ്നങ്ങൾ മനസിൽ സൂക്ഷിച്ചാണ് അബിയേൽ അച്ഛൻ നൽകിയ പോക്കറ്റ് മണി കുടുക്കയിലിട്ട് സൂക്ഷിച്ചത്. അപ്പോഴാണ് സ്കൂളിലെ രണ്ട് ചേട്ടന്മാർക്ക് വീടുവയ്ക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ഒറ്റക്കെട്ടായി ശ്രമിക്കുന്നതറിഞ്ഞത്. ഇതോടെ അബിയേൽ സ്വന്തം സ്വപ്നങ്ങൾ മാറ്റിവച്ചു.

കുടുക്കയിലെ പണം സഹപാഠികൾക്ക് വീടുവയ്ക്കാൻ നൽകാമെന്ന അബിയേൽ പറഞ്ഞപാടേ ഫോട്ടോഗ്രാഫറായ അച്ഛൻ ബിജുവും അമ്മ മിനിയും അവനെ വാരിപ്പുണർന്ന് സ്കൂളിലേക്ക് പോരുകയായിരുന്നു. അബിയേൽ പ്രിൻസിപ്പൽ ശ്രീരേഖാ പ്രസാദിന് കൈമാറിയ കുടുക്കയിൽ 8,218 രൂപയാണ് ഉണ്ടായിരുന്നത്.

സഹപാഠികളുടെ സ്നേഹം

കഴിഞ്ഞ വർഷം ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ വെളിച്ചിക്കാലയിലുള്ള ഒരു പത്താം ക്ലാസുകാരൻ കാമറ ഓണാക്കുന്നില്ല. അവന്റെ ഏഴാം ക്ലാസുകാരനായ അനുജൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുമില്ല. രണ്ടുപേരും ഫുട്ബാൾ കളിയിൽ കേമന്മാരാണ്, പഠനത്തിലും മിടുക്കന്മാർ. ക്ലാസ് ടീച്ചർ നിർബന്ധപൂർവം പറഞ്ഞപ്പോൾ പത്താം ക്ലാസുകാരൻ കാമറ ഓണാക്കി. അപ്പോൾ അവൻ ഇരിക്കുന്നതിന് പിന്നിൽ തകര ഷീറ്റുകളായിരുന്നു.

ഒറ്റമുറി കൂരയിലെ ഒരു ഭാഗത്ത് അമ്മ ആഹാരം പാകം ചെയ്യുന്നത് കാണാം. അവന്റെ അനുജനായ ഏഴാം ക്ലാസുകാരൻ നിലത്തിരുന്ന് പുസ്തകം വായിക്കുന്നു. ആകെ ഒരു മൊബൈൽ ഫോൺ മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഏഴാം ക്ലാസുകാരൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാത്തത്. ഓട്ടോ ഡ്രൈവറായ ആച്ഛൻ രാപ്പകൽ ഓടി ഫീസ് കൃത്യമായി അടക്കുന്നുണ്ടായിരുന്നു.

ടീച്ചർ പറഞ്ഞ് വിവരമറിഞ്ഞ സ്കൂളിലെ രക്ഷാകർത്താക്കളിൽ ചിലർ ഏഴാം ക്ലാസുകാരന് പുതിയ ഫോണുമായി അവന്റെ വീട്ടിലെത്തി. ആ ഒറ്റമുറി ഷെഡിലെ തറയിൽ ഒരു ഭാഗത്ത് ആ മിടുക്കന്മാർ കളിക്കളങ്ങളിൽ ഇന്ദ്രജാലം തീർത്ത് നേടിയ ട്രോഫികൾ. തറയിൽ പത്രക്കടലാസ് വിരിച്ചാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ടീച്ചറെയും സഹപാഠികളുടെയും രക്ഷകർത്താക്കളെയും കണ്ടപ്പോൾ പത്താം ക്ലാസുകാരന്റെ കണ്ണ് നിറഞ്ഞു. അവന്റെ വീടിന്റെ അവസ്ഥ കൂട്ടുകാർക്കാർക്കും അറിയില്ലായിരുന്നു. േഇക്കാര്യങ്ങൾ അറിഞ്ഞ സിദ്ധാർത്ഥ സ്കൂൾ മാനേജ്മെന്റ് രക്ഷാർകത്താക്കളുടെ സഹകരണത്തോടെ അവർക്ക് നല്ലൊരു വീട് വച്ചുനൽകാൻ തീരുമാനിച്ചു. ഇനി ഫീസ് അടയ്ക്കേണ്ടെന്നും പറഞ്ഞു. സിദ്ധാർത്ഥയുടെ കരുണക്കടലിൽ ഈ മിടുക്കന്മാരുടെ വീട് ഉയർന്ന് പൊങ്ങിത്തുടങ്ങി. രണ്ട് മാസത്തിനകം താക്കോൽ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.