അഞ്ചൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന-ജില്ലാ തലത്തിൽ ശ്രദ്ധേയമായ നേട്ടവുമായി അഞ്ചൽ വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയ 550 പേരിൽ 278 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടാതെ 100 ശതമാനം വിജയവും. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സർക്കാർ സ്കൂളെന്ന നേട്ടവുമുണ്ട്. സർക്കാർ സ്കൂളുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകളിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഈ സ്കൂൾ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിപ്പിച്ച നൂറ് ശതമാനം വിജയ നേടുന്ന സ്കൂളുകളിൽ അഞ്ചാം സ്ഥാനമെന്ന നേട്ടവും സംസ്ഥാന തലത്തിൽ നേടി. കിഴക്കൻ മേഖലയിൽ നിരവധി സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.പുത്തയം ഓൾ സെയിന്റ്സ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 43 കുട്ടികളിൽ 9 പേർക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആയൂർ ജവഹർ ഗവ. സ്കൂളും നൂറ് ശതമാനം വിജയമാണ്. പരീക്ഷ എഴുതിയ 51 കുട്ടികളിൽ 12 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളിലും വിജയിക്കുകയും ആറ് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. 122 കുട്ടികൾ പരിക്ഷ എഴുതിയ അഞ്ചൽ ഈസ്റ്റ് ഗവ. ഹയ‌ർസെക്കൻഡറി സ്കൂളിൽ 121 കുട്ടികൾ ഉപരിപഠനത്തിന് അർഹതനേടി. 53 പേർക്ക് ഇവിടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളും മികച്ച വിജയമാണ് നേടിയത്. 174 പേർപരീക്ഷ എഴുതിയ ഇവിടെ 55 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.