polayathodu
പോളയത്തോട്ടിലെ കോർപ്പേറേഷൻ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്ലോർ പാർക്കിംഗ് ഏരിയയിൽ വെള്ളം കെട്ടിക്കിടക്കുന്ന നിലയിൽ

കൊല്ലം: സിക്ക വ്യാപന ഭീതിയിലും നഗരസഭയുടെ ഉടമസ്ഥതയിലുള്ള പോളയത്തോട്ടിലെ വ്യാപാരസമുച്ചയത്തിൽ മലിനജലം കെട്ടിക്കിടന്ന് പകർച്ചാവ്യാധി ഭീഷണിയുയർത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. സമുച്ചയത്തിന്റെ അടിവശത്തുള്ള പാർക്കിംഗ് ഏരിയയിലാണ് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മലിനജലം കെട്ടിക്കിടക്കുന്നത്. മാസങ്ങളായി കാൽപ്പാദം മുങ്ങിപ്പോകുന്ന തരത്തിൽ വെള്ളം കെട്ടിനിന്നിട്ടും ഒഴുക്കിവിടുന്നതിനോ കൊതുകുനശീകരണ പ്രവൃത്തികൾ നടത്തുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ശരിയായ രീതിയിലുള്ള ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡ് നിരപ്പിൽ നിന്ന് വേഗത്തിൽ വെള്ളം ഒഴുകിയെത്തുന്നതുമാണ് പാർക്കിംഗ് ഏരിയയിൽ വെള്ളക്കെട്ടുണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ പ്രധാന കവലകളിലൊന്നിൽ സ്ഥിചെയ്യുന്ന കെട്ടിടത്തിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. തൊട്ടടുത്ത് തന്നെ നിരവധി വ്യാപാരസ്ഥാപനങ്ങളും വീടുകളുമുള്ള പോളയത്തോട്ടിൽ ഇത്തരത്തിൽ കൊതുകുകുകൾ പെറ്റുപെരുകുന്നത് പകർച്ചാവ്യാധികൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് ഇവിടുള്ളവർ.

ഭീതിപടർത്തി...

1. വ്യാപാര സമുച്ചയം പോളയത്തോട് ജംഗ്‌ഷനിൽ

2. ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടം

3. പ്രവർത്തനം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ്

4. വെള്ളം കെട്ടിനിക്കുന്നത് പാർക്കിംഗ് ഏരിയയിൽ

5. അൻപതോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം

6. വെള്ളക്കെട്ടായതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നില്ല

പാർക്കിംഗ് ഏരിയയിലെ മലിനജലം

1. കൊതുകുകളുടെ പ്രജനന കേന്ദ്രം

2. കൂത്താടികൾ നുരയ്ക്കുന്ന മലിനജലം

3. കാര്യക്ഷമമല്ലാത്ത ഡ്രെയിനേജ് സംവിധാനം

4. റോഡിൽ നിന്നുള്ള മലിനജലവും ഒഴുകിയെത്തുന്നു

5. വെള്ളം ഒഴുക്കിവിടലോ, കൂത്താടി നശീകരണമോ നടത്തുന്നില്ല

മലിനമായ മറ്റിടങ്ങൾ

1. കർബല ജംഗ്‌ഷൻ (കണ്ണനല്ലൂർ റോഡ്)

2. തോപ്പിൽക്കടവ്

3. അയത്തിൽ ജംഗ്‌ഷൻ (ബൈപ്പാസ് റോഡ്)

4. മെയിൻ റോഡിലെ ഓടകൾ

5. ലിങ്ക് റോഡ്, കൊച്ചുപിലാംമൂട് (മാലിന്യ സംസ്കരണ കേന്ദ്രം)

6. കുറവൻ പാലം റോഡ്

7. ഹോക്കി സ്റ്റേഡിയത്തിന് സമീപം (യാത്രി നിവാസ് റോഡ്)