c

കൊല്ലം: കളക്ടറുടെ താത്കാലിക ചുമതല ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർക്ക് നൽകിയ കൊല്ലം കളക്ടർ ബി. അബ്ദുൾ നാസറിന്റെ നടപടി സർക്കാർ തിരുത്തി. കീഴ്വഴക്കം പോലെ എ.ഡി.എമ്മിന് കളക്ടറുടെ ചുമതല നൽകി റവന്യു വകുപ്പ് ഉത്തരവിറക്കി. മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥന് ചുമതല നൽകിയ കളക്ടറുടെ നടപടിയിൽ മന്ത്രി കെ. രാജൻ കടുത്ത അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.

വ്യക്തിപരമായ ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി ഈമാസം 17 മുതൽ 31 വരെയാണ് കളക്ടർ അവധിക്ക് അപേക്ഷിച്ചത്. ഇതിനൊപ്പം ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ആസിഫ് കെ. യൂസുഫിന് 19 മുതൽ 31 വരെ കളക്ടറുടെ താത്കാലിക ചുമതല നൽകുകയും ചെയ്തു. ഇതിന്റെ അംഗീകാരത്തിനായി സർക്കാരിന് കത്തും നൽകി. എന്നാൽ സർക്കാർ കളക്ടറുടെ നടപടി തിരുത്തി എ.ഡിഎമ്മിന് കളക്ടറുടെ താത്കാലിക ചുമതല നൽകി ഇന്നലെ ഉത്തരവിറക്കുകയായിരുന്നു.

എല്ലാ ജില്ലകളിലും കളക്ടർ അവധിയിൽ പോകുമ്പോൾ എ.ഡി.എമ്മിനാണ് ചുമതല നൽകുന്നത്. കൊല്ലത്തും മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നു. ഇതിന് വിരുദ്ധമായാണ് റവന്യു വകുപ്പിന്റെ ഭാഗമല്ലാത്ത ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർക്ക് ചുമതല നൽകിയത്. ഇതിനെതിരെ ജില്ലയിലെ റവന്യു വിഭാഗം ജീവനക്കാർ കൂട്ടപ്പരാതി ഉയർത്തി. ഇതോടെ ജില്ലയിലെ സി.പി.ഐ നേതാക്കൾ വിഷയം റവന്യു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. നഗരത്തിലെ മാലിന്യ നീക്കത്തിന്റെ ചുമതല തഹസിൽദാർക്ക് നൽകിയതിനെതിരെ സി.പി.ഐ അനുകൂല റവന്യു ജീവനക്കാരുടെ സംഘടന പരസ്യമായി രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ ചേർന്ന സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ കളക്ടറെ മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു.