പുനലൂർ: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം ഇനി തുറക്കുമോ എന്ന ആശങ്കയിലാണ് മലയോര വാസികളും വിനോദസഞ്ചാരികളും. മൂന്ന് വർഷം മുമ്പ് ഉണ്ടായ ഉരുൾപ്പൊട്ടലിൽ മല വെള്ളമിറങ്ങി ജല പാതം തകർന്ന് നാശമായതോടെയാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ച് പൂട്ടിയത്. കൂറ്റൻ പാറകളും മരങ്ങളും മല വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി ഇവിടം അപകട മേഖലയായി മാറിയിരുന്നു. ഇത് കണക്കിലെടുത്താണ് വനം വകുപ്പ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രധാന കവാടം ഉൾപ്പടെ അടച്ച് പൂട്ടിയത്. ഇതിനിടെ അച്ചൻകോവിലിൽ എത്തിയ രണ്ട് വിദ്യാർത്ഥികൾ വിലക്ക് ലംഘിച്ച് കുളിക്കടവിൽ കുളിക്കുന്നതിനിടെ വെളളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. അത് കാരണം അടച്ച് പൂട്ടിയ ജലപാതം പുനരുദ്ധാരണം നടത്തി പിന്നീട് തുറന്ന് പ്രവർത്തിക്കാൻ വനം വകുപ്പ് തയ്യാറായില്ല.
ലക്ഷങ്ങളുടെ വരുമാനം നിലച്ചു
സീസണിൽ തമിഴ്നാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചരികൾ കുളിക്കാനും ജലപാതം കണ്ട് ആസ്വദിക്കാനും അച്ചൻകോവിലിലെ വനമേഖലയിൽ എത്തിയിരുന്നു. ദിവസവും ഒന്നര ലക്ഷം രൂപയിൽ അധികം വരുമാനവും ലഭിച്ചിരുന്നു. എല്ലാ വർഷവും മേയ് മാസത്തിൽ ആരംഭിക്കുന്ന സീസൺ ഒക്ടോബർ വരെ നീണ്ടു നിൽക്കുമായിരുന്നു. ചെങ്കോട്ട-അച്ചൻകോവിൽ വനപാതയിൽ നിന്ന് രണ്ടര കിലോമീറ്റർ ഉൾ വനത്തിലാണ് ജലപാതം സ്ഥിതി ചെയ്യുന്നത്.പ്രധാന പാതയിൽ നിന്ന് വനമദ്ധ്യത്തിലെ നട വഴിയിലൂടെ കാൽ നടയായി നടന്ന് വേണം വിനോദ സഞ്ചാരികൾ കുംഭാവുരുട്ടിയിലെത്താൻ. 200 മീറ്റർ ഉയരത്തിലുളള കൂറ്റൻ പാറക്കെട്ടിൽ നിന്ന് രണ്ട് തട്ടുകളായി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ രോഗങ്ങൾ ഭേഗമാകുമെന്നാണ് സഞ്ചാരികളുടെ വിശ്വാസം. ഔഷധ ഗുണമുള്ള വെളളമാണ് മല മുകളിൽ നിന്ന് ഒഴുകിയെത്തുന്നതെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത് .
വരുമാന മാർഗമില്ലാതെ പ്രദേശവാസികൾ
അച്ചൻകോവിലിലെ വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലായിരുന്നു ജലപാതവും മറ്റും പ്രവർത്തിച്ചിരുന്നത്.ആദിവാസികൾ ഉൾപ്പടെ 60ഓളം പുരുഷ ,വനിത ഗൈഡുകളും പൊലീസും വന പാലകരുമായിരുന്നു വിനോദ സഞ്ചാരികളെ നിയന്ത്രിച്ചിരുന്നത്. പാസ് മൂലമായിരുന്നു ടൂറിസ്റ്റുകളുടെ പ്രവേശനം. ഇതിനായി പ്രത്യേക ടിക്കറ്റ് കൗണ്ടറും പൊലീസ് ഔട്ട് പോസ്റ്റും പ്രധാന പാതയോരത്ത് പ്രവർത്തിച്ചിരുന്നു. പ്രദേശവാസികളായ 200 ഓളം കുടുംബങ്ങളായിരുന്നു ജലപാതത്തെ ആശ്രയിച്ച് ഉപ ജീവന മാർഗം നടത്തിയിരുന്നത്. ഇത് കൂടാതെ വിവിധ തരത്തിലുളള കച്ചവടക്കാരും. അച്ചൻകോവിൽ വന മേഖലയിലെ തൊഴിൽ സ്തംഭിക്കുകയും ജല പാതം അടച്ച് പൂട്ടുകയും ചെയ് തതോടെ ഒന്നര വർഷമായി പ്രദേശവാസികൾ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാതെ കൊടും ദുരിത്തിലാണ്.കഴിഞ്ഞ വർഷം ജലപാതം നവീകരിക്കാൻ പദ്ധതിയിട്ടെങ്കിലും പിന്നീട് ഇത് ചുവപ്പ് നാടയിൽ കുടുങ്ങുകയായിരുന്നു.