photo
പുത്തൂർ പടിഞ്ഞാറെ ചന്ത

കൊല്ലം: മൂക്കുപൊത്താതെ പുത്തൂർ ചന്തയിലേക്ക് കടക്കാൻ കഴിയില്ല. ചന്തയിലേക്കുള്ള പ്രവേശന വഴിലൂടെയെല്ലാം മലിനജലം ഒഴുകുകയാണ്. ദുർഗന്ധം വമിക്കുന്ന ഈ അഴുക്കുവെള്ളത്തോട് ചേർന്നാണ് വ്യാപാരികൾ ഇരുന്ന് സാധനങ്ങൾ വിൽക്കുന്നത്. മത്സ്യ വില്പന കേന്ദ്രത്തിന്റെ സമീപത്തും മാലിന്യമാണ്. പുഴുനുരയ്ക്കുന്ന തരത്തിൽ മാലിന്യം കെട്ടിക്കിടക്കുന്നു. ദുർഗന്ധം റോഡുവരെയെത്തും. മത്സ്യ വില്പന കേന്ദ്രത്തോട് ചേർന്ന് മലിനജലം സംഭരിക്കാൻ ടാങ്ക് സ്ഥാപിച്ചെങ്കിലും വേണ്ടത്ര ഗുണം ചെയ്തില്ല. ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്. മത്സ്യ വ്യാപാരികളുൾപ്പടെ നൂറിലധികം കച്ചവടക്കാരുണ്ട് ചന്തയിൽ. ശുദ്ധജലവും ടൊയ്ലറ്റ് സംവിധാനവും ഇല്ലാത്തതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. ടൊയ്ലറ്റിന് വേണ്ടി നിർമ്മിച്ച കെട്ടിടം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം സ്ത്രീകളടക്കമുള്ള വ്യാപാരികൾ ബുദ്ധിമുട്ടിലാണ്.

വികസനം എത്തിനോക്കിയിട്ടില്ല

കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പുത്തൂർ പടിഞ്ഞാറെ ചന്ത. നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള മത്സ്യ ചന്തയാണിതെന്നാണ് പഴമക്കാർ പറയുന്നത്. പ്രതാപം നഷ്ടപ്പെട്ട പുത്തൂർ ചന്തയ്ക്ക് പരാധീനതകളും ദുരിതവും മാത്രം. ചന്തയിൽ നിന്ന് പഞ്ചായത്തിന് നല്ലരീതിയിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും വികസന കാര്യത്തിൽ പഞ്ചായത്ത് പുറംതിരിഞ്ഞു നിൽക്കുകയാണ്. ചില തട്ടിക്കൂട്ട് ഷെഡുകൾ നിർമ്മിച്ചുവെന്നതല്ലാതെ കാര്യമായ വികസനമൊന്നും ഇവിടേക്ക് എത്തിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും തിരക്കേറിയ ചന്തകളിലൊന്നായിരുന്നു പുത്തൂർ ചന്ത. കശുഅണ്ടി ഫാക്ടറികൾ കൂടുതലുള്ള പ്രദേശമെന്നനിലയിൽ വൈകുന്നേരങ്ങളിൽ ഇവിടെ നിന്നുതിരിയാൻ ഇടം കിട്ടില്ലായിരുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾ വന്നതോടെ ആളുകളുടെ വരവ് കുറഞ്ഞു. ചന്തയുടെ ദുരിതാവസ്ഥമൂലം ആളുകൾ അകത്തേക്ക് കടക്കാനും മടിക്കുന്നു.

കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ

ചന്തയിൽ പഞ്ചായത്ത് നിർമ്മിച്ചുനൽകിയ കെട്ടിടങ്ങളിൽ മിക്കതും ജീർണാവസ്ഥയിലാണ്. മത്സ്യ സ്റ്റാളും ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയിലായിട്ടും അധികൃതർ താത്കാലിക സംവിധാനം പോലും ഒരുക്കിയിട്ടില്ല. ചന്തയുടെ ഭൂമി സ്വകാര്യ വ്യക്തികൾ കൈയ്യേറിയതായി ഏറെ നാളായി പരാതികളുണ്ട്. സർവേ വിഭാഗം അളന്ന് തിട്ടപ്പെടുത്തിയിട്ടും കൈയ്യേറ്റം ഒഴിപ്പിച്ചെടുക്കാൻ തുടർ നടപടിയുണ്ടായില്ല. ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടവുമില്ല. കൈയ്യേറ്റം ഒഴിപ്പിച്ചാൽ വേണ്ടുവോളം സ്ഥലം ലഭിക്കും. പാർക്കിംഗിനടക്കം ഇവിടം ഉപയോഗിക്കാവുന്നതുമാണ്.

മന്ത്രി ഇന്ന് സന്ദർശിക്കും

പുത്തൂർ ചന്തയുടെ ദുരിതാവസ്ഥ നേരിൽ കാണാനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനുമായി മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് ചന്ത സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന് മന്ത്രിയും ത്രിതല പഞ്ചായത്ത് ഭാരവാഹികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുണ്ട്.