ഓച്ചിറ : പൊട്ടിപ്പൊളിഞ്ഞ ആയിരംതെങ്ങ് പാലത്തിന്റെ പുനർ നിർമ്മാണം മിനുക്കുപണിയിൽ ഒതുക്കി. അഴീക്കലിനെ ആയിരംതെങ്ങുമായി ബന്ധിപ്പിക്കുന്ന പാലം പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞതിനെ തുടർന്നാണ് മിനുക്കുപണി നടത്തിയത്. കഴിഞ്ഞ വർഷവും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലത്തിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ബാക്കിയുള്ള ഭാഗവും പൊട്ടിപൊളിഞ്ഞ് കമ്പികൾ തെളിഞ്ഞ നിലയിലാകുകയായിരുന്നു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് 2005 ഏപ്രിൽ 21ന് പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 2010 മാർച്ച് ആറിന് അന്നത്തെ മുഖ്യ മന്ത്രി വി.എസ് അച്ചുതാനന്ദൻ പാലം ജനൾങ്ങൾക്കായി തുറന്നു കൊടുത്തു. 386 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലം നിർമ്മിച്ചിരിക്കുന്നത് ഒമ്പത് സ്പാനുകളിലാണ്. അപ്രോച്ച് റോഡിന് ആയിരംതെങ്ങ് ഭാഗത്ത് 180 മീറ്ററും അഴീക്കൽ ഭാഗത്ത് 235 മീറ്ററും നീളമുണ്ട്. ചെറിയാൻ കൺസ്ട്രക്ഷൻ കമ്പനി കൊച്ചിയാണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്.
ആയിരങ്ങളുടെ ആശ്രയം
അഴീക്കൽ പ്രദേശത്തെ കരയുമായി ബന്ധിപ്പിക്കുന്നത് ആയിരംതെങ്ങ് പാലമാണ്. കായംകുളം ഹാർബറിലേക്ക് മത്സ്യം കയറ്റുന്നതിനായി വരുന്ന വലുതും ചെറുതുമായ വാഹനങ്ങൾ ഈ പാലം വഴിയാണ് കടന്നു പോകുന്നത്. നിരവധി സ്വകാര്യ വാഹനങ്ങളും അമൃതാനന്ദമയി മഠത്തിലേക്കുള്ള വാഹനങ്ങളും ഇതുവഴി കടന്നുപൊകുന്നു. അവധി ദിവസങ്ങളിൽ നൂറ്കണക്കിന് വിനോദസഞ്ചാരികളാണ് അഴീക്കൽ ബീച്ച് സന്ദർശിക്കുന്നതിനായി പാലം ഉപയോഗിക്കുന്നത്.
കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പി തെളിയുന്ന സംഭവം എല്ലാ വർഷവും ആവർത്തിക്കുകയാണ്. സിമന്റ് ഉപയോഗിച്ച് അറ്റകുറ്റപണികൾ നടത്തുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം ആകുന്നില്ല. ആറ് ലക്ഷം രൂപ ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് നടപടികൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് റോഡിന്റെ അപാകത പരിഹരിക്കണം.
യു. ഉല്ലാസ്. പ്രസിഡന്റ്, ആലപ്പാട് ഗ്രാമപഞ്ചായത്ത്.
നിർമ്മാണത്തിലെ അപാകതയാണ് പാലം പൊട്ടിപൊളിയുന്നതിന് കാരണം. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഇതുവരെയും ഒരു ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് പാലം കോൺക്രീറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി ജനങ്ങൾ മുന്നിട്ടിറങ്ങും.
സോനു ആലുംപീടിക, സാമൂഹ്യ പ്രവർത്തകൻ.